തിരുവനന്തപുരം: സർവീസിൽ നിന്നു വിരമിക്കാൻ അഞ്ചു വർഷം ബാക്കിയുള്ള കോളേജ് അദ്ധ്യാപകന് സർവീസിൽ നിന്നു വിരമിച്ചതിന് 'ആശംസ'യർപ്പിച്ച് മുഖ്യമന്ത്റി പിണറായി വിജയന്റെ കത്ത്. ശാസ്ത്ര ഗവേഷകൻ കൂടിയായ ഡോ. സൈനുദ്ദീൻ പട്ടാഴിക്കാണ് കത്ത് ലഭിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, ഗവ. കോളേജ് നിയമനം കിട്ടിയതിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ 17 നാണു കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് വിടുതൽ നേടിയത് വിരമിക്കലായി തെറ്റിദ്ധരിച്ചാണ് മുഖ്യമന്ത്രി കത്തെഴുതിയത്.
മുഖ്യമന്ത്റിയുടെ കത്തിൽ നിന്ന്
'താങ്കൾ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങൾക്കു നന്ദി പറയട്ടെ. സേവനകാലത്ത് നല്ലതും മോശവുമായ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരിൽ താങ്കൾ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളിൽ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം... വിരമിക്കൽ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്...'
''ഒരു പൗരന് മുഖ്യമന്ത്രി നൽകുന്ന അംഗീകാരവും പ്രോത്സാഹനവുമായാണ് ഈ കത്തിനെ കണക്കാക്കുന്നത്.''
ഡോ. സൈനുദ്ദീൻ പട്ടാഴി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |