SignIn
Kerala Kaumudi Online
Thursday, 19 February 2026 2.52 AM IST

'നേരിട്ട് കണ്ടത് എങ്ങനെ തെറ്റാണെന്ന് പറയും,​ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു', മീൻ വിവാദത്തിൽ പ്രതികരിച്ച് സി ദിവാകരൻ

Increase Font Size Decrease Font Size Print Page
c-divakaran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണ പ്രിയത്തേയും അദ്ദേഹം ആഹാരകാര്യങ്ങളിൽ പുലർത്തുന്ന നിർബന്ധങ്ങളെക്കുറിച്ചും മുൻ മന്ത്രി സി. ദിവാകരൻ പങ്കുവച്ച അനുഭവങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫസ്റ്റ് ക്ലാസ് മീനിനോടുള്ള മുഖ്യമന്ത്രിയുടെ താല്പര്യങ്ങളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും രാഷ്ട്രീയ വിമർശനങ്ങളുമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്.

എൽഡിഎഫ് ജാഥയിൽ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്ടനായി പ്രവർത്തിച്ച കാലത്തെ രസകരമായ അനുഭവങ്ങളായാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സി ദിവാകരൻ പങ്കുവച്ചത്. ഒരിക്കൽ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വറുത്ത മീൻ കഷ്ണം കണ്ട് ഇത് ഏതാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചൂര മീനാണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി. ഇതോടെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായി.

പിറ്റേന്ന് പാറശാലയിലായിരുന്നു ഭക്ഷണം. അവിടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം നൽകാനായി പുലർച്ചെ അഞ്ചു മണിക്ക് തന്നെ ജില്ലാ സെക്രട്ടറി പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി കൊണ്ടുവന്നു.. നെയ്മീൻ വിഭവങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി ഏറെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചെന്നും നേതാക്കൾക്ക് സമാധാനമായെന്നും സി. ദിവാകരൻ ഓർത്തെടുത്തു.


തന്റെ വെളിപ്പെടുത്തലുകൾ വെറും കൗതുകവാർത്ത മാത്രമാണെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ദിവാകരൻ വ്യക്തമാക്കി. ആനത്തലവട്ടം ആനന്ദന്റെ മകൻ ഈ വാർത്ത നിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ നേരിട്ട് കണ്ട കാര്യങ്ങൾ മറ്റൊരാൾക്ക് എങ്ങനെയാണ് തെറ്റാണെന്ന് പറയാൻ കഴിയുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'മുഖ്യമന്ത്രി ആഹാരകാര്യത്തിൽ അതീവ സെലക്ടീവാണ്. മീൻ വിഭവങ്ങൾ 'എ ക്വാളിറ്റി' അല്ലെങ്കിൽ 'ഫസ്റ്റ് ക്ലാസ്' ആയിരിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. തിരുവനന്തപുരത്തെ പല സഖാക്കൾക്കും അദ്ദേഹത്തിന്റെ ഈ സ്വഭാവം അറിയില്ലായിരുന്നു'. സി. ദിവാകരൻ പറയുന്നു.

TAGS: C DIVAKARAN, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY