
കോട്ടയം: ടോറസ് ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് വലതുകാൽ ചതഞ്ഞുപോയപ്പോൾ 31കാരനായ അഖിൽ പലവട്ടം ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. എന്നാൽ, ഭാര്യയുടെയും പറക്കമുറ്റാത്ത കുഞ്ഞിന്റെയും മുഖം പൊരുതാനുള്ള ശക്തിയായി. ഇപ്പോൾ വോക്കറിന്റെ സഹായത്തോടെ തട്ടുകടയിൽ ജോലി ചെയ്തും ഓട്ടോ ഓടിച്ചും അതിജീവനത്തിന്റെ വലിയപാഠമാവുകയാണ് ഈ യുവാവ്.
2021 മാർച്ച് 13നായിരുന്നു ചങ്ങനാശേരി ഫാത്തിമാപുരം അഖിൽ ഭവനിൽ അഖിൽനാഥിന്റെ ജീവിതം താളംതെറ്റിച്ച ദുരന്തം. നാലു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു വിധി വില്ലനായത്. കളമശേരിയിൽ നിന്നും ഭാര്യയുടെ അമ്മയ്‌ക്കൊപ്പം ചങ്ങനാശേരിയിലേക്ക് ബൈക്കിൽ വരവേ തിരുവാങ്കുളത്ത് വച്ചായിരുന്നു അപകടം. എതിരെവന്ന ബൈക്കിലിടിച്ച് താഴെവീണ അഖിലിന്റെ കാലിലൂടെ പിന്നാലെയെത്തിയ ടോറസ് ലോറി കയറിയിറങ്ങി. നട്ടെല്ലിനും വാരിയെല്ലിനും ഉൾപ്പെടെ ഗുരുതരപരിക്ക്. വലതുകാൽ തുടഭാഗം മുതൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ ആദ്യം വിധിയെഴുതിയെങ്കിലും പിന്നീട് മുട്ടിന് താഴെ വരെ നിലനിറുത്താനായി. ഇനി കൃത്രിമകാൽ വയ്ക്കണമെങ്കിൽ കാലിന്റെ ചലനശേഷി തിരിച്ചുകിട്ടണം. അതിനായി ഫിസിയോതെറാപ്പി തുടരുകയാണ്.
മുമ്പിൽ വലിയ വെല്ലുവിളി
ചികിത്സാചെലവും ജീവിതപ്രാരാബ്‌ധവും അലട്ടിത്തുടങ്ങിയതോടെ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തുന്ന പിതാവ് രഘുനാഥൻ ഉണ്ണിത്താനൊപ്പം കൂടാൻ അഖിൽ തീരുമാനിച്ചു. ഇപ്പോൾ, വോക്കറിന്റെ സഹായത്തോടെ നിന്ന് ചായയടിക്കും. കടയിലേക്ക് ഓട്ടോറിക്ഷയിൽ സാധനങ്ങൾ എത്തിക്കുന്നതും അഖിലാണ്. രമാദേവിയാണ് മാതാവ്. ഭാര്യ ശ്രുതി, മൂന്നരവയസുകാരൻ മകൻ ആദ്മിക് എന്നിവർ സ്നേഹപിന്തുണയുമായി ഒപ്പമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |