
മുണ്ടക്കയം : വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കടുവ മുതൽ കാട്ടാന വരെ ഇക്കൂട്ടത്തിലുണ്ട്. പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണ്ണിമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ് പലർക്കും. കഴിഞ്ഞദിവസം കാടിറങ്ങിയ ആനക്കൂട്ടം കണ്ണിമല സെന്റ് ജെയിംസ് യു.പി സ്കൂൾ പരിസരത്ത് വ്യാപകനാശം വിതച്ചു. കുട്ടിയാന ഉൾപ്പെടെ ഒമ്പതോളം ആനകൾ സ്കൂളിന്റെ ഗേറ്റ് തകർത്താണ് അകത്തുകടന്നത്. ഇതിന് ദിവസങ്ങൾക്ക് മുൻപാണ് പെരുവന്താനം ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ പശുവിനെ കൊന്നുതിന്നത് കടുവയാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ഇതോടെ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കടുവ കെണിയിൽ വീണില്ല. സമീപകാലത്ത് കണമലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് രണ്ടു പേരെ കുത്തിക്കൊന്നിരുന്നു. തുടർന്നും അതിർത്തി പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടതായി ജനങ്ങൾ പറയുന്നു. രാത്രി കാലങ്ങളിൽ റോഡിലും കാട്ടുപന്നികൾ തമ്പടിക്കുകയാണ്.
സോളാർ വേലി പ്രഖ്യാപനത്തിൽ മാത്രം
കടുവ സാന്നിദ്ധ്യം വ്യക്തമായതോടെ ചെന്നാപ്പാറയിലെ തൊഴിലാളികൾ ടാപ്പിംഗ് ജോലിക്കിറങ്ങാൻ മടിക്കുകയാണ്. അതിർത്തി മേഖല വെട്ടിതെളിച്ച് സോളാർ വൈദ്യുതിവേലി സ്ഥാപിച്ചാൽ മാത്രമേ കടുവ അടക്കമുള്ള വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ കഴിയൂ. കാട്ടാനക്കൂട്ടം മലയോരത്ത് ഭീതി വിതക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ഒരുവർഷത്തിനിടെ അറുപതോളം വളർത്തുമൃഗങ്ങളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
നഷ്ടപരിഹാരം തുച്ഛം
കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്. വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നത്. കൃഷിയിടങ്ങളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്.
ഇങ്ങനെ എന്തിന് കൃഷി ചെയ്യുകയാണെന്ന് ചിലപ്പോൾ തോന്നും. കപ്പയും വാഴയുമടക്കം പന്നി കൊണ്ടുപോകുകയാണ്.
ശശിധരൻ, കർഷകൻ
ഒരുവർഷം ,
15 പേർക്ക് പരിക്ക്.
രണ്ടു മരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |