
യുക്രെയിൻ യുദ്ധം തുടങ്ങിയപ്പോൾ ഏറിയാൽ ഒരാഴ്ചയ്ക്കുള്ളിൽ റഷ്യ വിജയം വരിച്ച് യുദ്ധം അവസാനിക്കുമെന്നാണ് പൊതുവെ ലോകം കരുതിയിരുന്നത്. എന്നാൽ ഒന്നരവർഷമായി യുദ്ധം തുടരുകയാണ്. പട്ടാളക്കാരും പൗരന്മാരും ഉൾപ്പെടെ പതിനായിരങ്ങൾ മരിച്ചുകഴിഞ്ഞു. കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകളും നാമാവശേഷമായി. യുക്രെയിനിൽ പുനർനിർമ്മാണം നടത്താൻ ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരം 349 ബില്ല്യൺ അമേരിക്കൻ ഡോളറാണ് വേണ്ടത്!
ആയിരങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. പലരും രാജ്യം തന്നെ ഉപേക്ഷിച്ച് ഓടിപ്പോയി. മറ്റു രാജ്യങ്ങളിൽപ്പോലും ഭക്ഷ്യക്ഷാമത്തിന് ഇടവരുത്തിയ ആ യുദ്ധം തുടരുമ്പോഴാണ് അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം ആരംഭിച്ചിരിക്കുന്നത്. ഇസ്രായേലും പാലസ്‌തീനിലെ ഹമാസ് ഗ്രൂപ്പും തമ്മിലുള്ള യുദ്ധത്തിൽ ഇതിനകം തന്നെ രണ്ടായിരത്തോളം പേർക്ക് ജീവഹാനി സംഭവിച്ചു. ഇതിൽ കൂടുതലും ഇരുപക്ഷത്തുമുള്ള സാധാരണക്കാരും നിരപരാധികളുമായ മനുഷ്യരാണ്. ഇതിനി എന്ന് അവസാനിക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും ആർക്കും പറയാനാവാത്ത സ്ഥിതിയാണ്.
അമേരിക്കയുടെ കൂറ്റൻ യുദ്ധക്കപ്പലും അങ്ങോട്ട് നീങ്ങിയിരിക്കുകയാണ്. ഇസ്രായേൽ ഗാസയിലേക്ക് കരസേനയെയും വിന്യസിച്ചു തുടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ സഖ്യകക്ഷികളും ഇറാനും തമ്മിലുള്ള ഒരു യുദ്ധമായി ഇത് മാറിയേക്കുമോ എന്ന ആശങ്കയും തള്ളാനാവില്ല. സ്വതന്ത്ര പാലസ്‌തീനു വേണ്ടിയുള്ള പോരാട്ടത്തിനും സംഘർഷത്തിനും ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സംഘർഷം പൂർണമായും നിലച്ച ഒരു കാലയളവ് ഇതിനിടയിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.
ഇത്തവണത്തെ യുദ്ധത്തിന് പ്രകോപനമായത് ഹമാസിന്റെ ഇസ്രായേൽ അതിർത്തി കടന്നുകയറിയുള്ള അപ്രതീക്ഷിത ആക്രമണമാണ്. ഓപ്പറേഷൻ അൽ അഖ്‌സ എന്ന പേരിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 20 മിനിട്ടിനുള്ളിൽ 5000 റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് അനുമാനിക്കപ്പെടുന്നത്. ഇതിനു തിരിച്ചടിയായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ ഗാസയിൽ തീമഴ ചൊരിയുകയാണ്. 2021-ലും ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു. അത് 11 ദിവസമാണ് നീണ്ടുനിന്നത്. എന്നാൽ ഇപ്പോൾ തുടങ്ങിയ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിക്കുമോ എന്ന ആശങ്ക നിലനില്‌ക്കുന്നതിനാൽ ലോകത്തെ സമാധാനകാംക്ഷികളായ ജനങ്ങൾ ഭീതിയിലാണ്.
യുദ്ധം നീണ്ടുനിൽക്കുമ്പോൾ രണ്ടു വിഭാഗങ്ങളാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഒന്ന് ആയുധക്കച്ചവടക്കാരും മറ്റൊന്ന് പൂഴ്‌ത്തിവയ്‌പ്പുകാരും. യുദ്ധഭൂമിയിൽ പുതിയ ആയുധങ്ങൾ പരീക്ഷിക്കാനും ഏറ്റവും മാരകശേഷിയുള്ള ആയുധങ്ങൾ ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങൾക്ക് വിൽക്കാനും ആയുധക്കച്ചവടക്കാർക്ക് കഴിയും. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും മറ്റുമുണ്ടാകുന്ന ക്ഷാമം മുതലെടുത്ത് പൂഴ്‌ത്തിവയ്‌പുകാർ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നതും യുദ്ധകാലത്താണ്. സ്വർണ വില കുത്തനെ ഉയരുമെന്നതിനാൽ കേരളത്തിൽപ്പോലും വിവാഹം നടത്താൻ തയ്യാറെടുക്കുന്ന കുടുംബങ്ങളെ യുദ്ധം പ്രതികൂലമായി ബാധിക്കാം.
യുദ്ധത്തിന്റെ കെടുതികൾ മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്നത് കൂടുതലും നിരപരാധികളായ സ്‌ത്രീകളും കുട്ടികളുമാണ്. റഷ്യ വിചാരിച്ചതുപോലെ യുക്രെയിനിൽ മുന്നേറ്റം സൃഷ്ടിക്കാനായില്ല. അതുപോലെ സൈനികമായി അതീവ ബലമുള്ള ഇസ്രായേൽ വിചാരിക്കുന്നതു പോലെ ഗാസയിലെ യുദ്ധം ഞൊടിയിടയിൽ തീരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അറബ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് സൗദിയുമായി ഇസ്രായേൽ അടുക്കുന്നത് തകർക്കുക എന്ന ലക്ഷ്യം കൂടി ഹമാസിന്റെ ആക്രമണത്തിന്റെ പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്. സമാധാനം കാംക്ഷിക്കുന്ന രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ശക്തമായ നിലപാടുകളെടുത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കം നടത്തിയില്ലെങ്കിൽ മനുഷ്യരാശിക്ക് മുഴുവൻ ഭീഷണിയാവുന്ന ഒരു മൂന്നാം ലോക മഹായുദ്ധമായിപ്പോലും ഇത് രൂപാന്തരപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |