
വെള്ളിത്തിരയിലും വ്യാപരിച്ച മറ്റിടങ്ങളിലും ജീവിതവഴികളിലുമെല്ലാം സ്വർണത്തിളക്കത്തോടെ ഒരു കാലഘട്ടത്തെ മുഴുവൻ ആഴത്തിൽ സ്‌പർശിക്കുകയും ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് നെടുമുടി വേണു എന്ന മഹാ കലാകാരൻ തിരശ്ശീലയുടെ പിന്നിലേക്കു മടങ്ങിയത്. സ്വതസിദ്ധമായ, അൽപ്പം ചരിഞ്ഞു കുനിഞ്ഞുള്ള, ഉള്ളിലുടക്കുന്ന കള്ളനോട്ടവും കുസൃതി പൊതിഞ്ഞുവച്ച കള്ളച്ചിരിയും ഉള്ളുലയ്‌ക്കുന്ന ആർദ്രവികാരങ്ങളും അതിതീവ്രമായ ആവിഷ്‌കാരവുമൊക്കെയായി ഈ അപൂർവ നടൻ മലയാള സിനിമയെ കൈവെള്ളയിൽ ചുരുട്ടിവച്ചു.
മന്ദമോ ദ്രുതമോ - കഥാപാത്രം ആവശ്യപ്പെടുന്ന താളവേഗത്തിൽ, ഉള്ളിലുള്ള താളബോധത്താൽ, പതിഞ്ഞതും ചടുലവുമായ നടനതാളങ്ങളിൽ നിറഞ്ഞാടിയ നാട്യസൗകുമാര്യം. അതിസൂക്ഷ്മ ഭാവങ്ങളുടെ മിന്നലൊളിയും, ശരീരചലനങ്ങളുടെയും അംഗവിക്ഷേപങ്ങളുടെയും ശബ്ദവിന്യാസത്തിന്റെയുമൊക്കെ മഴവില്ലഴകും സൃഷ്ടിച്ച് ആസ്വാദക ഹൃദയങ്ങളെ അനുഭൂതിയുടെ നിറവിലെത്തിച്ചു, ഈ മഹാനടൻ.
നെടുമുടി വേണു എന്ന കലാകാരൻ പകർന്നാടിയ വേഷങ്ങളെല്ലാം, പ്രസരിപ്പാർന്ന തന്റെ വ്യക്തിസത്തയിൽ ലയിപ്പിച്ച് പ്രസാദാത്മകമാക്കിത്തീർത്തവയായിരുന്നു. സിനിമയും നാടകവും കഥകളിയും കൂടിയാട്ടവും തെയ്യം, തിറ, പടയണി പോലുള്ള അനുഷ്ഠാന കലകളും നാടൻകലകളും നാടൻപാട്ടും നൃത്തവും വാദ്യവും കവിതയും സരസ സല്ലാപങ്ങളും സംഗീതവും സാഹിത്യവും എല്ലാമെല്ലാം കൂടിക്കലർന്ന് വൈവിദ്ധ്യങ്ങളുടെ ഏകശിലയിൽ ലയിച്ചുചേർന്നതായിരുന്നു ആ അഭിനയ ജീവിതം. മിമിക്രി കലാകാരൻ, ട്യൂട്ടോറിയൽ അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, നാടകക്കാരൻ, നാടകാദ്ധ്യാപകൻ, മൃദംഗവാദകൻ.... ജീവിതത്തിൽ കെട്ടിയാടിയ വേഷങ്ങളിൽ നിന്ന് ആർജ്ജിച്ച അറിവുകളും അനുഭവബലവും ആ അഭിനയത്തിന് കരുത്തേകി.
വള്ളംകളിയുടെയും വഞ്ചിപ്പാട്ടിന്റെയും വേലകളിയുടെയും കൊയ്‌ത്തുപാട്ടിന്റെയുമൊക്കെ കുട്ടനാടൻ താളത്തിൽ നിന്ന് ധമനികളിലാവാഹിച്ച ഊർജ്ജപ്രവാഹം നെടുമുടിയുടെ അഭിനയത്തിന് അഴകേകി. അരങ്ങിന്റെയും സിനിമയുടെയും രീതിശാസ്ത്രങ്ങളെല്ലാം ആ നടന് ഒരുപോലെ വഴങ്ങി. ചൊല്ലിയാട്ടങ്ങളിലൂടെ ഉള്ളുണർത്തിയ നെടുമുടി വേണു എന്ന ഗന്ധർവ കലാകാരന് താളമേളലയങ്ങളുടെ പൂരാഘോഷമായിരുന്നു, ഓരോ നിമിഷവും.
നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ സാറിന്റെ തിരുവരങ്ങ് - അവനവൻകടമ്പ എന്ന നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചിരുന്നു. ഭാരതീയവും കേരളീയവുമായ തനതു സംസ്കൃതിയുടെ ധാരകൾ സമന്വയിപ്പിച്ച് പുതിയ രംഗഭാഷയുടെ ആവിഷ്കാരമായിരുന്നു അത്. നെടുമുടി വേണുച്ചേട്ടൻ, ഭരത് ഗോപിച്ചേട്ടനുമൊത്ത് മത്സരിച്ചഭിനയിച്ച 'തീവ്രവും സൗന്ദര്യാത്മകവുമായ" നാടകാനുഭവത്തിനു സാക്ഷിയായി പ്രേക്ഷകക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
1991-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ, മികച്ച നടനുള്ള അവാർഡിനായി പരിഗണിച്ച പ്രധാന പേര്, 'പൂവൻപഴം" എന്ന ടെലിഫിലിമിൽ നായകനായി അഭിനയിച്ച നെടുമുടി വേണുച്ചേട്ടന്റേതായിരുന്നു. പക്ഷേ, കെ.ജി. ജോർജ് സാർ ചെയർമാനായ ജൂറി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ്, ലംബോ എന്ന ടെലിഫിലിമിലെ അഭിനയത്തിന് എനിക്കായിരുന്നു. അടുത്ത ദിവസം പുലർച്ചെ, ഒരു ഷൂട്ടിംഗിനായി ഞാൻ താമസിച്ചിരുന്നിടത്തെ ലാൻഡ് ഫോണിൽ ഒരു കാൾ വന്നു. അങ്ങേത്തലയ്ക്കൽ വളരെ പരിചിതമായ ശബ്ദം. പക്ഷേ ആളെ മനസിലായില്ല.
'ഞാൻ നെടുമുടി വേണു." അൽപ്പനേരം വിശ്വസിക്കാനാകാതെ ഞാൻ അന്ധാളിച്ചു നിന്നുപോയി. അന്ന് വേണുച്ചേട്ടൻ ഞാനെവിടെയുണ്ടെന്ന് എങ്ങനെയൊക്കെയോ അന്വേഷിച്ചറിഞ്ഞ്, വളരെ ബുദ്ധിമുട്ടി അവിടത്തെ ലാൻഡ്‌ഫോൺ നമ്പർ കണ്ടുപിടിച്ച് അക്കാലത്തെ എസ്.ടി.ഡി കാൾ വിളിച്ചത്, എന്നെ അഭിനന്ദനവും ആശംസയും അറിയിക്കാനായിരുന്നു. ഒരുകാലത്ത് വെള്ളിത്തിരയിൽ അദ്ഭുതത്തോടെ ഞാൻ കണ്ടിരുന്ന, നേരിൽ കാണാനും പരിചയപ്പെടാനും വളരെയേറെ ആഗ്രഹിച്ചിരുന്ന വലിയ നടൻ തുടക്കക്കാരനായ എന്നെ (അന്ന് വെറുമൊരു പയ്യൻസായിരുന്ന എന്നെ) അഭിനന്ദിക്കാൻ കാണിച്ച മഹാമനസ്കതയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്!
അന്ന് അദ്ദേഹം പറഞ്ഞ പ്രോത്സാഹന വാക്കുകൾ എനിക്കു നൽകിയ ആത്മവിശ്വാസവും ധൈര്യവും വലുതായിരുന്നു. മഹാ ഗുരുനാഥൻ പ്രൊഫ. ജി. ശങ്കരപ്പിള്ള സാറിന്റെ ശിഷ്യൻ എന്ന നിലയിൽ എന്നോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും വേണുച്ചേട്ടനുണ്ടായിരുന്നു. നാടകവേദിയുമായുള്ള ബന്ധം ഞങ്ങളുടെ സൗഹൃദത്തിന് ആക്കംകൂട്ടി.
അഭിനയത്തിന്റെ തെളിഞ്ഞ വഴികളിലെ സവിശേഷ സഞ്ചാരിയായിരുന്നു വേണുച്ചേട്ടൻ. പകരം വയ്ക്കാനില്ലാത്ത ആ മഹാപ്രതിഭ നടന്നു തെളിച്ച അഭിനയത്തിന്റെ നൂതനമാർഗം പിന്തുടരാൻ പിൻഗാമികൾക്ക് നന്നേ ക്ളേശിക്കേണ്ടിവരും.
അത്രയേറെ സങ്കേതബദ്ധവും സങ്കീർണവുമാണ് ആ അഭിനയവഴി. വേണുച്ചേട്ടൻ പരകായപ്രവേശം നടത്തി പകർന്നാടിയ കഥാപാത്രങ്ങൾ വരും തലമുറകളെയും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.
(സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ കൂടിയാണ് ലേഖകനായ നടൻ പ്രേംകുമാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |