കൊച്ചി: സമുദ്രമത്സ്യ മേഖലയിലെ വെല്ലുവിളി നേരിടാൻ നിർമ്മിതബുദ്ധിയടക്കമുള്ള നൂതനസാങ്കേതികവിദ്യകൾ അനിവാര്യമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സമുദ്രമത്സ്യരംഗത്തെ വികസന സാദ്ധ്യതകൾ ചർച്ചചെയ്യാൻ കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) സംഘടിപ്പിച്ച ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയുടെ പ്രാധാന്യം കൂടിവരുന്നതിനാൽ ഒട്ടേറെ പദ്ധതികളും കൂട്ടായ ശ്രമങ്ങളും ആവശ്യമാണെന്നും കേരളം പലകാര്യത്തിലും മുന്നിലാണെന്നും പറഞ്ഞു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ. കെ. ജെന, നിതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ. എസ്. റെജിമോൻ, സീനിയർ അഡ്വൈസർ ഡോ. നീലം പട്ടേൽ, സംസ്ഥാന ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, നീതി ആയോഗ് സീനിയർ കൺസൽട്ടന്റ് ഡോ. ബബിത സിംഗ് , സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആന്ധ്ര മുന്നിൽ
മത്സ്യമേഖലയിലെ വളർച്ചയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്ന് നിതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ത് പറഞ്ഞു. ഇക്കാര്യത്തിൽ ആന്ധ്രപ്രദേശ് വളരെ മുന്നിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ മൊത്തം മത്സ്യോത്പാദനത്തേക്കാൾ 50 ശതമാനം മുകളിലാണ് ആന്ധ്രയിലേത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണം.
മത്സ്യ ആവശ്യകത 2012 മുതൽ 2022 വരെയുള്ള ദശകത്തിൽ മുൻ ദശകത്തേക്കാൾ ഒരു മടങ്ങ് വർദ്ധിച്ചതായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |