കേരളത്തിൽ കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യ വീട്
സി.ഡബ്ല്യു.ആർ.ഡി.എം പഠന റിപ്പോർട്ട് മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു
കോഴിക്കോട് : വേങ്ങേരിയിലെ 'മേട' എന്ന വീടിന് കാർബർ ന്യൂട്രൽ ഭവന പദവി നൽകി സി.ഡബ്ല്യു.ആർ.ഡി.എം (സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് ). ഇതോടെ കേരളത്തിൽ ആദ്യമായി കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യവീടെന്ന ഖ്യാതിയും മേടയ്ക്ക് സ്വന്തം. സി.ഡബ്ല്യു.ആർ.ഡി.എം കാമ്പസിൽ നടന്ന ചടങ്ങിൽ 'മേട കാർബൺ സന്തുലിത ഭവന റിപ്പോർട്ട് മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. 2050 ഓടെ സംസ്ഥാനത്തെ കാർബൺ സന്തുലിതമാക്കാനുള്ള സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സെക്ടറൽ കാർബൺ റിഡക്ഷൻ പദ്ധതി പ്രകാരമാണ് പഠനം നടന്നത്. കാലാവസ്ഥ വ്യതിയാനത്തിന് പ്രതിരോധം എന്ന നിലയിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും വേങ്ങേരി നിറവ് റസിഡൻസ് അസോസിയേഷൻ അംഗവുമായ ഡോ. ബാബു പറമ്പത്തിന്റെ 'മേട' സി.ഡബ്ല്യു.ആർ.ഡി.എം പഠന വിഷയമാക്കുന്നതും അംഗീകാരം നൽകുന്നതും. ഐ.പി.സി.സി ( ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലെെമറ്റ് ചേഞ്ച് ) 2006ലെ ഹരിതഗൃഹ വാതക മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് പഠനം നടത്തിയത്. പരിസ്ഥിതി സമത്വത്തിന്റെയും സുസ്ഥിരതയുടെയും മാതൃകയാണ് മേട എന്ന് പഠനത്തിന് നേതൃത്വം നൽകിയ സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞ ഡോ. കെ വി ശ്രുതി പറഞ്ഞു. സി.ഡബ്ല്യു.ആർ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ഡോ. കെ ശ്രീധരൻ, ശാസ്ത്രജ്ഞരായ ഡോ. ആശിഷ് കെ ചതുർവേദി, ഡോ. ബാബു പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
സൗരോർജ്ജ പാനലും കൃഷിയും പ്രധാനം
വീടിന്റെ ഊർജ്ജ ഉപയോഗം, ജലനിർഗമനം, മാലിന്യ നിർമാർജ്ജനം ഭൂവിനിയോഗം, വാഹന ഉപയോഗം എന്നീ മേഖലകളിലായി പഠന കാലയളവിൽ 'മേട'യിൽ നിന്ന് 1.06 ടൺ കാർബൺ ഡൈ ഓക്‌സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറത്ത് വിട്ടതായി കണ്ടെത്തി.
എന്നാൽ, മേൽക്കൂരയിൽ സ്ഥാപിച്ച സൗരോർജ്ജ പാനൽ ഉപയോഗത്തിലൂടെ പരമ്പരാഗത വൈദ്യുതി ഉപയോഗത്തിൽ നിന്നുള്ള കാർബൺ പുറംതള്ളൽ ഒഴിവാക്കി. വീട്ടുവളപ്പിലെ മരങ്ങൾ 0.25 ടൺ കാർബൺ ഡൈ ഓക്‌സൈഡ് ആകിരണം ചെയ്യുന്നതായും പഠനം കാണിക്കുന്നു. മേടയുടെ കാർബൺ ബഹിർഗമനവും ആകിരണവും സന്തുലിതമായ അവസ്ഥയിലാണ് എന്നതാണ് കാർബൺ സന്തുലിത ഭവന പദവിയിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |