കോന്നി : ഇക്കോ ടൂറിസം സെന്ററിലെ ഏക കുട്ടിക്കൊമ്പൻ ആയിരുന്ന കൊച്ചയ്യപ്പനും കഴിഞ്ഞമാസം ചരിഞ്ഞതോടെ ആനത്താവളത്തിൽ കുട്ടിയാനകൾ ഇല്ലാതെയായി. കൃഷ്ണ, ഈവ, പ്രിയദർശിനി, മീന എന്നീ ആനകളാണ് ഇപ്പോഴുള്ളത്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു കുറുമ്പും കളികളുമായി ഓടിനടന്നിരുന്ന കുട്ടിയാനകൾ. കുട്ടിയാനകളെ കാണാനായി മാത്രം എത്തുന്നവരുമുണ്ടായിരുന്നു. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ ആനത്താവളത്തിൽ ചരിഞ്ഞത് നിരവധി ആനകളാണ്. കൽപ്പന, അമ്മു, ലക്ഷ്മി, ഇന്ദ്രജിത്ത്, ജൂനിയർ സുരേന്ദ്രൻ, പിഞ്ചു, മണിയൻ, കോടനാട് നീലകണ്ഠൻ, ഒടുവിൽ കൊച്ചയ്യപ്പനും.
കേന്ദ്ര പ്രോജക്ട് എലിഫെന്റ് ഡയറക്ടർ കോന്നിയിലെ ആനകളുടെ ദുരൂഹമരണത്തെക്കുറിച്ച് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മുൻപ് വിശദീകരണം തേടിയിരുന്നു. 2016ൽ ആറുമാസത്തിനിടയിൽ രണ്ട് ആനക്കുട്ടികളാണ് ചരിഞ്ഞത്. അമ്മുവും ലക്ഷ്മിയും. 2016 ൽ തൃശ്ശൂർ എലൈറ്റ് ഗ്രൂപ്പ് വനംവകുപ്പിന് കൈമാറിയ ഇന്ദ്രജിത്തും ചരിഞ്ഞു. ഹെർപ്പിസ് രോഗബാധയാണ് മരണകാരണമെന്ന് ബത്തേരിയിലെ വനംവകുപ്പിന്റെ ഫോറൻസിക് ലാബിൽ പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു. കുട്ടിയാനകൾക്കാണ് ഈ രോഗം പിടിപെടുന്നതായി കാണുന്നത്.
പരിചയ സമ്പന്നരുടെ അഭാവം
വനത്തിൽ കൂട്ടംതെറ്റുന്നതും പഴയ വാരിക്കുഴികളിൽ വീണതുമായ ആനകളെയാണ് ആനത്താവളത്തിൽ എത്തിച്ച് പരിശീലനം നൽകുന്നത്. അമ്മയുടെ മുലപ്പാലിന്റെ അഭാവം ഇവിടെയെത്തുന്ന കുട്ടിയാനകൾക്ക് ഉള്ളതായും ഇത് ഇവയുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതായും വിദഗ്ദ്ധർ പറയുന്നു. പരിജ്ഞാനമുള്ള പാപ്പാൻമാരും വന്യജീവിചികിത്സയിൽ വൈദഗ്ദ്ധ്യമുളള ഡോക്ടർമാരും കുറവാണെന്നതാണ് വനംവകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ് വനംവകുപ്പിലെ വെറ്റിനറി ഡോക്ടർമാർ. ഇവർക്ക് വന്യജീവി പരിപാലന അറിവുകൾ കുറവാണെന്ന് ആരോപണവും ഉണ്ട്. ഒരു വന്യജീവി വെറ്ററിനറി ഓഫീസറും രണ്ടു അസിസ്റ്റന്റ് ഓഫീസർമാരുമാണ് സംസ്ഥാനത്ത് ആകെയുള്ളത്.
കുട്ടിയാനകൾ ഇല്ലാതായതോടെ ആനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിനും കുറവ് ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |