കൊല്ലം: സ്കൂൾ ബസ് അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ. അപകടം നടന്ന മാരാൻകുഴി വട്ടപ്പാറ റോഡിൽ എതിരെ ഒരു വാഹനം കടന്നുവന്നാൽ സൈഡ് കൊടുക്കാനുള്ള വീതിപോലും ഇല്ല. റോഡിന്റെ ഒരു വശത്ത് 30 അടിയോളം താഴ്ചയിൽ കുഴിയാണ്. എന്നാൽ ഈ ഭാഗത്ത് കൈവരിയും ഇല്ല. ഉയരം കുറഞ്ഞ ചെറിയ കോൺക്രീറ്റ് തിട്ടകളാണ് ഉള്ളത്.
നബാർഡിൽ നിന്നുള്ള തുക വിനിയോഗിച്ച് ആറ് വർഷം മുമ്പാണ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്റർലോക്ക് പാകിയത്. നിർമ്മാണ സമയത്ത് ഇന്റർലോക്ക് പാകുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിരുന്നു. കുത്തനെയുള്ള ഭാഗത്ത് ഇന്റർലോക്കിട്ടാൽ വാഹനത്തിന് ഗ്രിപ്പ് കിട്ടില്ലെന്നും അപകടത്തിന് കാരണമാകുമെന്നും പറഞ്ഞെങ്കിലും പഞ്ചായത്ത് നിർമ്മാണവുമായി മുന്നോട്ട് പോവുകയായിരുന്നു.
പ്രധാന റോഡായ വേയ്ക്കൽ വട്ടപ്പാറ തങ്കക്കല്ല് റോഡ് പൊളിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ റോഡിലൂടെയായിരുന്നു ബസ് സ്ഥിരം സർവീസ് നടത്തിയിരുന്നത്. എന്നാൽ ഈ റോഡ് നിർമ്മാണത്തിനായി അഞ്ച് കിലോമീറ്ററോളം ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ രണ്ട് മാസമായി മാറാകുഴി വട്ടപ്പാറ റോഡിലൂടെയാണ് ബസ് സർവീസ് നടത്തുന്നത്.
വേയ്ക്കൽ വട്ടപ്പാറ തങ്കക്കല്ല് റോഡ് പൊളിച്ചിട്ടതല്ലാതെ രണ്ട് മാസമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. തുടർ നടപടിയുമില്ല.
പ്രദേശവാസി
മാരാൻകുഴി വട്ടപ്പാറ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡിൽ കുത്തനെയുള്ള ഭാഗത്ത് വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഷെമീന പറമ്പിൽ, നിലമേൽ പഞ്ചായത്ത് പ്രസിഡന്റ്
ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനാണ് റോഡ് പൊളിച്ചത്. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും.
ഷൈലജ ബീവി, വേയ്ക്കൽ വാർഡംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |