കൊച്ചി: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്ത യുവാവിന്റെ ഐ ഫോൺ തട്ടിയെടുത്തതിന് അറസ്റ്റിലായ അമ്പലമേട് സ്വദേശി അരുൺ (32) ഏഴ് ക്രിമിനൽ കേസുകളിലെ പ്രതി. എറണാകുളം, തൃശൂർ ജില്ലകളിലെ കവർച്ച, മോഷണക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തി.
അരുൺ ഉൾപ്പെട്ട നാലംഗ സംഘം 19ന് രാത്രിയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ കവർന്നത്. ട്രാക്കിൽ നിന്ന് ഫോൺ അടിച്ചുവീഴ്ത്തിയാണ് കവർന്നത്. സംഘത്തിൽ നിന്ന് മൊബൈൽ ഫോൺ വിലയ്ക്ക് വാങ്ങിയ മൊബൈൽ ഷോപ്പ് ഉടമ തോപ്പുംപടി സ്വദേശി സലാഹുദ്ദീനെയും എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.
റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, ഇൻസ്പെക്ടർ കെ.ബാലൻ, എസ്.ഐമാരായ എ.നിസാറുദ്ദീൻ, സീനിയർ സി.പി.ഒമാരായ ദിനിൽ, കെ.വി.സഹേഷ്, തോമസ്, അനീഷ് കുമാർ, അഖിൽ തോമസ്, അലക്സ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |