വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിലെ മുഖം മൂടി ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിൽ. ശശികുമാർ (20),ഭഗവത്കുമാർ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ.സി. ഭവനിൽ ചന്ദ്രിക (67), ഉച്ചക്കട അക്ഷയ കേന്ദ്രത്തിന് സമീപം സുനിൽ ഭവനിൽ സുനിൽകുമാർ (46,സന്തോഷ്),കാഞ്ഞിരംകുളം മല്ലൻകുളം ചൂണ്ടയിൽപേട്ട് കടയറ പുത്തൻവീട്ടിൽ സുനിൽ (43,ഷൈജു),കാഞ്ഞിരംകുളം തടത്തിക്കുളം സി.എസ്.ഐ പള്ളിയ്ക്ക് സമീപം പുളിനിന്ന വീട്ടിൽ ആർ.ജെ.രാകേഷ് (29), ഉച്ചക്കട ഫോക്കസ് ട്യൂഷൻ സെന്ററിന് സമീപം എസ്.എസ്. നിവാസ് തേരിവിള വീട്ടിൽ അനുപ് (29) എന്നിവർ റിമാൻഡിലാണ്. തിങ്കളാഴ്ച പുലർച്ചെ 5ന് നടന്ന ആക്രമണത്തിൽ ഉച്ചക്കട പുന്നവിള കുരിശടിനട വിശ്വദീപം വീട്ടിൽ വിശ്വാമിത്രൻ(61) കൈകൾക്കും കാലുകൾക്കും പരിക്കേറ്റ് ആശുപത്രി ചികിത്സയിലാണ്. ഒന്നാം പ്രതിയായ ചന്ദ്രികയുടെ മരുമകൾ 33 സെന്റ് സ്ഥലവും ഇരു നില വീടും വിശ്വാമിത്രന് 3 കോടിയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് ചന്ദ്രിക നൽകിയ ക്വട്ടേഷനിലായിരുന്നു ആക്രമണം. വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇരുമ്പ് കമ്പിയും തടി കഷ്ണവും കൊണ്ട് ആക്രമിക്കുകയും സിസി.ടി.വികൾ തകർത്ത് ഹാർഡ് ഡിസ്ക് മോഷ്ടിക്കുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനും സിസി.ടി.വി ഹാർഡ് ഡിസ്ക് കണ്ടെടുക്കുന്നതിനും ഏഴ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |