വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കടയിൽ മുഖംമൂടി ആക്രമണം നടത്തിയ സംഭവത്തിൽ ഏഴുപേർ പിടിയിൽ. ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ.സി.ഭവനിൽ ചന്ദിക(67),ഉച്ചക്കട അക്ഷയ കേന്ദ്രത്തിന് സമീപം സുനിൽ ഭവനിൽ സന്തോഷ് എന്ന സുനിൽകുമാർ (46),കാഞ്ഞിരംകുളം മല്ലൻകുളം ചൂണ്ടയിൽപേട്ട് കടയറ പുത്തൻവീട്ടിൽ ഷൈജു എന്ന സുനിൽ(43), കാഞ്ഞിരംകുളം തടത്തിക്കുളം സി.എസ്.ഐ പള്ളിക്കു സമീപം പുളിനിന്നവീട്ടിൽ ആർ.ജെ.രാകേഷ് (29),ഉച്ചക്കട ഫോക്കസ് ട്യൂഷൻ സെന്ററിന് സമീപം എസ്.എസ്.നിവാസ് തേരിവിള വീട്ടിൽ അനുപ് (29) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ(19),ഭഗവത്കുമാർ(19) എന്നിവർ കസ്റ്റഡിയിലുണ്ട് ഇവരെ ചോദ്യം ചെയ്തു വരികയാണ്. തിങ്കളാഴ്ച പുലർച്ചെ 5ന് നടന്ന സംഭവത്തിൽ ഉച്ചക്കട പുന്നവിള കുരിശടിനട വിശ്വദീപം വീട്ടിൽ വിശ്വാമിത്രനാണ് (61) കൈകാലുകൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഒന്നാം പ്രതിയായ ചന്ദ്രികയുടെ മരുമകൾ 33 സെന്റ് സ്ഥലവും ഇരുനില വീടും വിശ്വാമിത്രന് 3 കോടിക്ക് വിറ്റിരുന്നു. എന്നാൽ ഈ സ്ഥലത്തിന് നാലുകോടി രൂപ വിലവരുമെന്നു പറഞ്ഞ് മരുമകൾ വിറ്റവീട്ടിൽ ചന്ദ്രിക കയറി താമസിക്കുകയായിരുന്നു.
വീടുവിറ്റ് രജിസ്ട്രേഷൻ പൂർത്തിയായെങ്കിലും താക്കോൽ നൽകിയിരുന്നില്ല. ചന്ദ്രിക കയറി താമസിക്കുന്നതറിഞ്ഞ് വിശ്വാമിത്രനും ഭാര്യയും ഇവിടെ താമസം തുടങ്ങി. തുടർന്ന് ഇരുവരും കോടതിയെ സമീപിച്ചു.
വിശ്വാമിത്രനെ വീട്ടിൽ നിന്നും ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടുകയും ഒന്നേകാൽ ലക്ഷം രൂപ നൽകുകയും ചെയ്‌തു. ഇക്കാര്യം അനൂപ് സന്തോഷ് എന്ന സുനിലിനെ അറിയിക്കുകയും ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയുമായിരുന്നു. തുടർന്ന് സന്തോഷ് സുഹൃത്തുക്കളായ ഷൈജുവിനെയും തന്റെ വാടക കെട്ടിടത്തിൽ താമസിക്കുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും കൂട്ടി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഷൈജു എന്ന സുനിൽ സുഹൃത്തായ രാകേഷിനെയും ഒപ്പംകൂട്ടി.
22ന് പുലർച്ചെ വിശ്വാമിത്രന്റെ ഭാര്യ മകൾ താമസിക്കുന്ന പുന്നവിളയിലെ വീട്ടിലേക്ക് പോയ തക്കം നോക്കി ചന്ദ്രിക മറ്റ് പ്രതികളെ ഫോണിൽ വിവരമറിയിച്ച ശേഷം വിശ്വാമിത്രൻ രക്ഷപ്പെടാതിരിക്കാൻ മുൻവാതിൽ അകത്തുനിന്ന് പൂട്ടുകയും പിൻവാതിൽ തുറന്ന് പ്രതികളെ സഹായിക്കുകയും ചെയ്തു. ആറുപ്രതികൾ ചേർന്ന് വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇരുമ്പ് കമ്പിയും തടിക്കഷ്ണവും കൊണ്ട് ആക്രമിക്കുകയും സി.സി ടിവികൾ തകർത്ത് ഹാർഡ് ഡിസ്ക് എടുക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
ഈ സമയം ചന്ദ്രിക ഇതെല്ലാം കണ്ട് നിൽക്കുകയായിരുന്നു. പ്രതികൾ വിശ്വാമിത്രനെ കാറിൽ കയറ്റി ഓടിച്ച് വിടുകയായിരുന്നു. അഞ്ചുപ്രതികളെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു. സി.സി ടിവികൾ തകർക്കും മുമ്പ് വരെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നും പണവും ആറ് ഫോണുകളും കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടുപേരെ ഇന്ന് ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |