
കോതമംഗലം: ചൂട് വർദ്ധിക്കുന്നതോടെ കോതമംഗലത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണം പലയിടത്തും കാര്യക്ഷമമല്ല. ശുദ്ധജലം ധാരാളം ഉപയോഗിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നത്. കോതമംഗലം ടൗണിൽ ഏതാനും ദിവസങ്ങളായി കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. കോഴിപ്പിള്ളി പുഴയിൽ വെള്ളം കുറഞ്ഞതോടെ തുടർച്ചയായി പമ്പിംഗ് നടത്താൻ കഴിയാതെ വന്നതാണ് പ്രധാന തടസം. ഹോട്ടലുകളിലും കുടിവെള്ളപ്രശ്നം നേരിടുന്നുണ്ട്. ടാങ്കറിൽ വെള്ളമെത്തിച്ചാണ് ചില ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കൃത്യമായി എത്തുന്നില്ല. വില കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. വിവിധ പഞ്ചായത്തുകൾ ടാങ്കറുകളിൽ ജലവിതരണം നടത്തുന്നുണ്ട്. ശുചീകരിക്കാത്ത വെള്ളം പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന സാഹചര്യം ആശങ്കയ്ക്കിടയാക്കുന്നു.
നിരവധിപേർ ചികിത്സ തേടി
കുടിവെള്ളക്ഷാമം നിലനിൽക്കുന്നതിനിടെ ജലജന്യ രോഗങ്ങൾ പടരുമെന്നും ആശങ്ക. കോതമംഗലം മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ഒരു കോളേജിലെ നിരവധി വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവരുടെ കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കുകയാണ്. നിരവധിപേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
കൂടുതൽ ജാഗ്രത വേണം
ശുദ്ധജലം മാത്രമേ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ മഞ്ഞപ്പിത്തം പടരാൻ സാദ്ധ്യതയേറെയാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത വേണം. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റിയും താലൂക്ക് ആശുപത്രിയും ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ ആരോഗ്യപ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്.
പ്രതിരോധ മാർഗങ്ങൾ
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക
* ഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം തിളപ്പിക്കുക
* ജലം ഫിൽറ്റർ ചെയ്താൽ ബാക്ടീരിയകളെ നശിക്കു, മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസ് നശിക്കണമെങ്കിൽ വെള്ളം തിളപ്പിക്കുകതന്നെ വേണം
* തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളം ഒഴിക്കരുത്. അങ്ങനെ ചെയ്താൽ പച്ചവെള്ളത്തിലെ വൈറസ് രോഗം പടർത്തും
* മലമൂത്ര വിസർജ്ജനം കക്കൂസിൽ മാത്രമാക്കുക
* ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകുക
* കുട്ടികളുടെ വിസർജ്യങ്ങൾ കക്കൂസിൽ മാത്രം നിക്ഷേപിക്കുക
* രോഗലക്ഷണങ്ങൾ കണ്ടാൽ 3 ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക
* അശാസ്ത്രീയ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |