
കൊച്ചി: മിൽമയുടെ ഷെഡ്യൂൾ സംവിധാനം (വില നിശ്ചയിക്കുന്ന ചാർട്ട്) അടിയന്തരമായി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ക്ഷീരകർഷകർ. നാല് രൂപ വില കൂട്ടിയതുകൊണ്ടുമാത്രം വരുമാനവും ഉത്പാദന ചെലവും തമ്മിൽ പൊരുത്തപ്പെടില്ലെന്നും പാലിന്റെ സംഭരണത്തിൽ മിൽമയുടെ അശാസ്ത്രീയമായ ഷെഡ്യൂൾ സംവിധാനം പുന:പരിശോധിക്കണമെന്നുമാണ് ആവശ്യം.
മിൽമയുടെ സംഭരണ ഷെഡ്യൂൾ പ്രകാരം ഒരു ലിറ്ററിൽ 3.7 മില്ലി ലിറ്റർ കൊഴുപ്പും 8.5മില്ലി ലിറ്റർ എസ്.എൻ.എഫും ( ഖരപദാർത്ഥങ്ങൾ) ഉണ്ടാവണം. കേരളത്തിൽ ലഭ്യമായ കാലിത്തീറ്റയുടെ ഗുണനിലമില്ലായ്മയും പച്ചപ്പുല്ലിന്റെയും മറ്റ് സമീകൃതാഹാരത്തിന്റെയും അഭാവവും കാരണം ഈ കൊഴുപ്പും എസ്.എൻ.എഫും ഉള്ള പാൽ ഉത്പാദിപ്പിക്കാനാവില്ല. എന്നാൽ ഉള്ള കൊഴുപ്പ് കൃത്രിമമായി നീക്കം ചെയ്ത പാലാണ് മിൽമ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിനിടയിൽ നടക്കുന്ന ചൂഷണത്തിൽ ബലിയാടാകുന്നതും കർഷകരാണ്. ഇപ്പോൾ 4 രൂപ വർദ്ധിപ്പിച്ചാലും കർഷകർക്ക് കിട്ടുന്ന പരമാവധി വില ലിറ്ററിന് 46 രൂപയായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സബ്സിഡിയിലും കുറവ്
വില വർദ്ധനവ് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ കാലിത്തീറ്റ കമ്പനി കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്നുതവണകളിലായി ഒരു കിലോ കാലിത്തീറ്റയ്ക്ക് 1.50 രൂപ വീതം വർദ്ധിപ്പിച്ചു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുമ്പോൾ ലിറ്ററിന് 8 രൂപ നിരക്കിൽ കർഷകർക്ക് സബ്സിഡി നൽകുമായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ ലഭിച്ചത് വെറും 1രൂപ മാത്രമാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലെ കറവപശുക്കളുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ചുരുങ്ങി. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വർഷവും കറവപശുവിതരണം, കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടി പരിപാലനം, കന്നുകുട്ടി വിതരണം എന്നൊക്കെ പേരിട്ട് കോടികൾ ചെലവഴിക്കുന്നുമുണ്ട്. പദ്ധതി പലതുണ്ടായിട്ടും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.
കടുത്ത വേനലിനെ പ്രതിരോധിക്കാനാവാതെ കറവ പശുക്കൾക്ക് അകിടുവീക്കം പോലുള്ള പകർച്ചവ്യാധികൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നു
പകർച്ചവ്യാധികൾക്കുള്ള മരുന്നിന്റെ വിലയും കുതിച്ചുയരുകയാണ്.
സംസ്ഥാനത്തെ ക്ഷീരവ്യവസായം പൂർണമായും നിലച്ചുപോകുന്ന അവസ്ഥയിലാണ്. നിലവിലുള്ള ചെറുകിട കർഷകർകൂടി ഈ രംഗം വിട്ടൊഴിഞ്ഞാൽ ഏതാനും ഫാമുകളിൽ മാത്രമായി പാൽ ഉത്പാദനം ചുരുങ്ങും. അതോടെ സംസ്ഥാനത്തേക്ക് കൃത്രിമപാലിന്റെ ഒഴുക്ക് വർദ്ധിക്കുകയും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഡോ.കെ.സോമൻ
ചെയർമാൻ
ക്ഷീരവ്യവസായ സഹകരണസംഘം കൺസോർഷ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |