ആലുവ: പൊലീസ് ഒത്താശയോടെ പെരിയാറിൽ നിന്ന് നിത്യേന ലക്ഷക്കണക്കിന് രൂപയുടെ മണൽ കടത്തുന്നുവെന്ന ആക്ഷേപത്തിനിടെ അനധികൃതമായി ശേഖരിച്ച മണൽ സൂക്ഷിച്ച വഞ്ചി പൊലീസ് പിടികൂടി. ഉളിയന്നൂർ കടവിൽ നിന്ന് മണപ്പുറത്തെത്തിച്ച വഞ്ചി ജെ.സി.ബി ഉപയോഗിച്ച് കരയിലേക്ക് കയറ്റുന്നതിനിടെ പൊളിഞ്ഞു. വഞ്ചിയിലുണ്ടായിരുന്ന യമഹ മോട്ടറും തകർന്നു.
ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞുണ്ണിക്കര - ഉളിയന്നൂർ കടവിൽ നിന്ന് ആലുവ പ്രിൻസിപ്പൽ എസ്.ഐ ജോസി എം. ജോൺസണിന്റെ നേതൃത്വത്തിൽ വഞ്ചി കണ്ടെത്തിയത്. കഴിഞ്ഞ 27ന് 'ആലുവയിൽ മണൽക്കടത്ത് രൂക്ഷം" എന്ന തലക്കെട്ടിൽ 'കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പൊലീസ് പട്രോളിംഗിനിറങ്ങിയത്. വഞ്ചിയുടെ ഉടമയെ കണ്ടെത്താൻ ആയിട്ടില്ല. അതേസമയം വാർത്തയെ തുടർന്ന് പരിശോധന ഉണ്ടാകുമെന്ന് പൊലീസിലെ ചിലരിൽ നിന്നുതന്നെ മുൻകൂട്ടി വിവരം ലഭിച്ചതിനാൽ നിരവധി വഞ്ചികൾ ഒളിപ്പിച്ചിട്ടുണ്ട്.
ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മേഖലയിൽ മൂന്ന് വൻകിട മണൽമാഫിയകളാണുള്ളത്. പുറമെ ചെറുകിടക്കാരും. സഹോദരന്മാരടങ്ങുന്ന സംഘം മണപ്പുറത്തെ മറ്റൊരു സംഘവുമായി ഏറ്റുമുട്ടി കേസിൽപ്പെട്ടതോടെ താത്കാലം 'പണി' നിറുത്തി. മറ്റ് രണ്ട് പേർ പങ്കാളികളായിരുന്നെങ്കിലും അടുത്തിടെ തെറ്റിപ്പിരിഞ്ഞു. ഇതിൽ ഒരാൾ ഇപ്പോഴും സജീവമായി മണൽക്കടത്തുന്നുണ്ട്. 21,000 മുതൽ 25,000 രൂപ വരെയാണ് ഒരു ലോഡിന്റെ വില. മണൽ വാരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു ലോഡിന് നൽകുന്നത് 10,000 രൂപയാണ്. ബാക്കി തുക മണൽമാഫിയയ്ക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |