
പ്രതികളെ തിരയുന്നു, ഇതര സംസ്ഥാനക്കാരെന്ന് സംശയം
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഏഴ് ബാഗുകളിൽ നിന്നായി 60 കിലോ ഉണക്കക്കഞ്ചാവ് പിടികൂടി. വിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വിലവരും. ലഹരിക്കടത്ത് തടയാനായി നടത്തുന്ന 'ഓപ്പറേഷൻ നാർക്കോസ്' പരിശോധനയുടെ ഭാഗമായി റെയിൽവേ സംരക്ഷണ സേനയും എക്സൈസ് എറണാകുളം റേഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്നലെ പുലർച്ചെ മൂന്നിന് സൗത്ത് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്താണ് സംശയാസ്പദമായ രീതിയിൽ ബാഗുകൾ കണ്ടത്. ഉടമസ്ഥരില്ലാത്തതിനെ തുടർന്ന് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് എറണാകുളം റേഞ്ച് തുടരന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എറണാകുളം ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, എ.എസ്.ഐമാരായ പി. ശ്രീജിത്ത്, പ്രജിത്ത് രാജ്, ഹെഡ് കോൺസ്റ്റബിൾ കെ.കെ. കുര്യാക്കോസ്, കോൺസ്റ്റബിൾമാരായ എം.വി. അജയഘോഷ്, ടി.ജെ. ഷിജോ, വനിതാ കോൺസ്റ്റബിൾ അർച്ചന എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
സാധനം ഫ്രഷ്
കഞ്ചാവ് കടത്തിൽ ബംഗാൾ- ഒഡിഷ റാക്കറ്റിനെ അന്വേഷണ സംഘം സംശയിക്കുന്നു. ഈ മേഖലയിൽ നിന്നാണ് കൂടുതൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അതുവഴി കടന്നുവന്ന ട്രെയിനിലാണ് ഇക്കുറിയും ലഹരി എത്തിച്ചതെന്ന് കരുതുന്നു. അടുത്ത ദിവസങ്ങളിൽ വിളവെടുത്ത് ഉണക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനക്കാരായ സ്ഥിരം പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |