കൊച്ചി: കേരളതീരത്ത് മത്തിക്കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ 10 സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നിർദ്ദേശിച്ചു.
അനുകൂലമായ മഴയിൽ കടലോപരിതലം കൂടുതൽ ഉത്പാദനക്ഷമമായതാണ് മത്തി വൻതോതിൽ ലഭ്യമാകാൻ കാരണമെന്ന് പഠനം കണ്ടെത്തിയിരുന്നു. എണ്ണം വർദ്ധിച്ചതോടെ ഭക്ഷ്യലഭ്യതയിൽ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്തു. മത്തി ഇനി വളരില്ലെന്ന രീതിയിലുളള വ്യാഖ്യാനങ്ങൾ ശരിയല്ലെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
ചെറുമത്സ്യബന്ധനം പ്രോത്സാഹിപ്പിക്കരുത്. തീരക്കടലിൽ ചെറുമത്തികൾ ധാരാളമുണ്ട്. ഇതിനെ സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ നിയന്ത്രണ പ്രകാരമുള്ള മത്സ്യബന്ധനമാണ് ആവശ്യം. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്തിയുടെ ലഭ്യതയും വളർച്ചയും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണ്. ലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ സുസ്ഥിരമായ മത്സ്യബന്ധനരീതി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ഇത് നിർണായകമാണ്. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.യു. ഗംഗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |