കൊച്ചി: സീഫുഡ് കയറ്റുമതിയിൽ നേട്ടം കൊയ്യാൻ കേരളതീരത്ത് നിന്ന് പിടിക്കുന്ന സമുദ്രസമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടപടി സ്വീകരിക്കും. ട്രോൾവല ഉപയോഗിച്ചു 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവ പിടിക്കാൻ ശാസ്ത്രീയ അടിത്തറയൊരുക്കാൻ സി.എം.എഫ്.ആർ.ഐ മുൻകൈയെടുക്കും. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എസ്,ഇ.എ.ഐ) അഭ്യർത്ഥനയെ തുടർന്നാണ് നടപടി.
കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, കൂന്തൽ, കണവ, നീരാളി, പാമ്പാട, കിളിമീൻ ഇനങ്ങൾ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും മൊത്തലഭ്യതയും ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി പിടിക്കാവുന്ന അളവ് നിജപ്പെടുത്താൻ കൺസൽട്ടൻസി പ്രൊജക്ടിന് തുടക്കം കുറിക്കും.
ഇതിനുള്ള ധാരണാപത്രത്തിൽ സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണനും എസ്.ഇ.എ.ഐക്ക് വേണ്ടി എ.ജെ. തരകനും ഒപ്പുവച്ചു. കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് വിദേശവിപണികളിൽ മൂല്യം വർദ്ധിപ്പിക്കാനാണ് നടപടി. സുസ്ഥിര പരിപാലനരീതികൾ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രസമ്പത്തിന് സ്വീകാര്യത വർദ്ധിക്കുമെന്ന് ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |