
പശ്ചിമേഷ്യയിൽ യുദ്ധം ആളിക്കത്തവെ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാ വിഷയമായിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലം ഇരിക്കാൻ യോഗമുണ്ടായ നേതാവ്. ജനങ്ങൾക്കും അനുയായികൾക്കും വിമർശകർക്കും അദ്ദേഹം 'ബിബി" ആണ്. 'കിംഗ് ബിബി" എന്നും വിളിക്കാറുണ്ട്.
ബിബി എവിടെ പോയെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യം. ഇറാന്റെ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടെന്ന് ഒരു കൂട്ടർ. അതല്ല, ജർമ്മനിയിലേക്കോ മറ്റോ രഹസ്യമായി കടന്നെന്ന് മറ്റൊരു കൂട്ടർ. രഹസ്യ കേന്ദ്രത്തിലാണെന്നും ചിലർ പറയുന്നു !
അഭ്യൂഹങ്ങൾ മാദ്ധ്യമങ്ങളും സർക്കാരും എന്തിന് നെതന്യാഹു വരെ തള്ളിയിട്ടും സോഷ്യൽ മീഡിയയ്ക്ക് വിശ്വാസമില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സൃഷ്ടിയെന്നാണ് സംസാരം.
ഒറിജിനൽ തോൽക്കും
കഴിഞ്ഞയാഴ്ച മുതലാണ് നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതിന്റെ ഉറവിടങ്ങൾ ചെന്നെത്തുക ഇറാനുമായി ബന്ധമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലേക്കാണ്. സ്വാഭാവികം! പക്ഷേ, എ.ഐ രംഗത്തുണ്ടായ അവിശ്വസനീയ വളർച്ചയാണ് ട്വിസ്റ്റായിരിക്കുന്നത്. ഒറിജിനലും എ.ഐയും കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണിപ്പോൾ. താൻ കൊല്ലപ്പെട്ടെന്ന വാർത്ത തെറ്റാണെന്ന് തെളിയിക്കാൻ ഞായറാഴ്ച മുതൽ ആറ് വീഡിയോകളാണ് നെതന്യാഹുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. അവ യഥാർത്ഥമാണെന്ന് സമ്മതിക്കാൻ ചിലർ തയ്യാറല്ല.
ആറ് വിരലുകൾ
കഴിഞ്ഞ വ്യാഴാഴ്ച നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിന്റെ ചില സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നെതന്യാഹുവിന്റെ വലതുകൈയിൽ അഞ്ചിന് പകരം ആറ് വിരലുകളുണ്ടെന്നും വീഡിയോ എ.ഐ ആണെന്നുമായിരുന്നു വാദം. എന്നാൽ, നെതന്യാഹുവിന്റെ അക്കൗണ്ടുകളിലുള്ള വീഡിയോ പരിശോധിച്ചാൽ അഞ്ച് വിരലുകൾ തന്നെയാണുള്ളതെന്ന് വ്യക്തമാണ്. അദ്ദേഹം കൈകളുയർത്തി ആംഗ്യങ്ങൾ കാട്ടിയാണ് സംസാരിക്കുന്നത്.
മുഷ്ടി ചുരുട്ടുമ്പോൾ കൈവെള്ളയിലുണ്ടാകുന്ന ചുളിവ് ഒരു ചെറുവിരൽ പോലെ തോന്നാം. അത് ഒപ്ടിക്കൽ ഇല്യൂഷനാണ്. ഇത് ചില വിരുതൻമാർ ഉപയോഗിച്ചു. ഇടതുകൈയിൽ എ.ഐ വഴി ആറാം വിരൽ ചേർത്ത് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു.
അഭ്യൂഹങ്ങൾക്ക് അന്ത്യമില്ല
ജെറുസലേമിലെ കഫേയിൽ കോഫി കുടിക്കുന്നതിന്റെയും സാധാരണക്കാരും സൈനികരുമായും സംസാരിക്കുന്നതിന്റെയും വീഡിയോകൾ പങ്കുവച്ചായിരുന്നു നെതന്യാഹുവിന്റെ മറുപടി. കഫേയിൽ വച്ച് കൈകൾ ഉയർത്തി ആറ് വിരലുകളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് എ.ഐ വീഡിയോ ആണെന്ന് സംസാരമുണ്ടായതോടെയാണ് ജനങ്ങളോട് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
കഫേയും ഇൻസ്റ്റഗ്രാമിലൂടെ നെതന്യാഹുവിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. എന്നിട്ടും വിവാദമൊഴിയാതെ വന്നതോടെ, യു.എസ് അംബാസഡർ മൈക്ക് ഹക്കബീയുമായുള്ള കൂടിക്കാഴ്ചയുടെയും ഇറാൻ ജനതയ്ക്ക് പേർഷ്യൻ പുതുവർഷ ആശംസ നേരുന്നതിന്റെയും വീഡിയോ പുറത്തുവിട്ടു. പ്രതിരോധ മന്ത്രി, സൈനിക മേധാവി, മൊസാദ് തലവൻ, എയർ ഫോഴ്സ് മേധാവി, ഉന്നത കമാൻഡർമാർ എന്നിവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നു. എന്നിട്ടും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് അന്ത്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |