ശ്രീനാരായണഗുരുദേവന്റെ ഏകലോകദർശനം ലോകമെമ്പാടും എത്തിക്കുകയെന്ന ശിവഗിരിമഠത്തിന്റെ മഹത്തായ ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ സംഘടിപ്പിക്കുന്ന ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം 24-ന് ദുബായ് ക്രൗൺപ്ലാസയിൽ നടക്കുകയാണ്. ഗുരുദർശനത്തിൽ പ്രബലമായി പ്രതിഫലിക്കുന്നത് സാമൂഹ്യനീതിയും മതസൗഹാർദ്ദവും സാർവജനീന സ്നേഹവുമാണ്. ആത്മീയത, സ്നേഹം, സഹിഷ്ണുത, സാഹോദര്യം തുടങ്ങിയ മാനവ മൂല്യങ്ങൾക്കാണ് അറബ് സംസ്കാരവും മുൻതൂക്കം നൽകിയിട്ടുള്ളത്. ഇസ്‌ലാമിൽ തൗഹീദ് (ഏകദൈവ വിശ്വാസം) എന്നത് പ്രധാനമാണ്. ഗുരുദേവൻ ‘അദ്വൈതം’ എന്ന തത്വത്തിൽ വിശ്വസിച്ചു. രണ്ടും പലഭാഗത്തും ഒരേ ദാർശനിക നിലപാട് പങ്കുവയ്ക്കുന്നു.
അതായത്, 'ദൈവം ഒന്ന്, സത്യം ഒന്ന്, മാനവികത ഒന്ന്". ഗുരുദേവൻ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുത്തു. "വിദ്യ കൊണ്ട് വെളിച്ചം വരു"മെന്ന് ഗുരുദർശനം. അറബ് സംസ്കാരവും അറബിക് ഭാഷയും വിസ്തൃതമായ അറിവിന്റെ പുരാവൃത്തമാണ്. ഗുരുദേവ ദർശനവും അറബ് സംസ്കാരവും രണ്ട് വ്യത്യസ്ത ഭൂമികകളിൽ നിന്ന് ഉദിച്ചുവെങ്കിലും ആന്തരികമായി അവ അക്ഷരാർത്ഥത്തിൽ മനുഷ്യസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. മതസൗഹാർദ്ദം, സാമൂഹിക നീതി, ആത്മീയ ആഴം, വിജ്ഞാന വിപുലത ഇതെല്ലാം ഇരുവശത്തെയും ബന്ധിപ്പിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ പൊരുത്തം കാണുമ്പോഴാണ് ആധുനിക ലോകം യഥാർത്ഥത്തിൽ പുരോഗമിക്കുന്നത്.
ആഗോളതലത്തിൽ പൗരാണികമായ മാനവിക ദർശനമായാണ് ഗുരുദർശനം അംഗീകരിക്കപ്പെടുന്നത്. മാനവ സമത്വം, ആത്മീയ ലൗകികത, വിദ്യാഭ്യാസം, ധാർമ്മിക ജീവിതം, സഹവാസം എന്നിങ്ങനെ ഗുരുദേവന്റെ ചിന്തകൾ വിവേകമുള്ളതും കാലാതീതവുമായ സന്ദേശങ്ങളായി ലോകം മുഴുവൻ കണക്കാക്കുന്നു. യുനെസ്കോ പോലുള്ള ആഗോള സ്ഥാപനങ്ങൾ ശ്രീനാരായണ ദർശനത്തെ മാനവികതാ വാദത്തെ പിന്തുണയ്ക്കുന്ന ചിന്താഗതിയായി കാണുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുസന്ദേശം സാർവത്രിക മാനവികത എന്ന ആശയത്തെ അനുകൂലിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലും യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, റഷ്യ, സിംഗപ്പൂർ തുടങ്ങി എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികൾ ഗുരുദർശനം ആശയമായി സ്വീകരിച്ചു വളർത്തിയിട്ടുണ്ട്.ശ്രീനാരായണ മിഷനുകളും സേവനം തുടങ്ങി ഒട്ടനവധി ശ്രീനാരായണ സംഘടനകളും ഗുരുധർമ്മ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ചിന്തകൾ മഹാത്മാഗാന്ധിയെയും വൈദിക പണ്ഡിതന്മാരെയും പാശ്ചാത്യ തത്ത്വചിന്തകരെയും ആകർഷിച്ചു. ബുദ്ധൻ, സോക്രട്ടീസ്, കൺഫ്യൂഷ്യസ്, ഗാന്ധിജി എന്നിവരുടെ ചിന്താധാരകൾക്കൊപ്പം ഗുരുദർശനം ചർച്ച ചെയ്യുന്ന തത്ത്വചിന്താ പാഠ്യപദ്ധതികൾ ഇപ്പോൾ ആഗോള സർവകലാശാലകളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.
യൂണിവേഴ്സൽ പ്രയർ (ദൈവദശകം), ദി ബയോഗ്രഫി ഒഫ് ശ്രീനാരായണഗുരു-ഹിസ് ലൈഫ് ആന്റ് ടീച്ചിംഗ്സ്, ശ്രീനാരായണ സ്മൃതി, ശ്രീനാരായണ ഗുരുദേവൻ ബയോഗ്രഫി, ശ്രീനാരായണഗുരു- ലൈഫ് ആന്റ് ദെയർ ആന്തോളജി പോയംസ് ഒഫ് നാരായണഗുരു, ശ്രീനാരായണഗുരു ഫിലോസഫർ സെയ്ന്റ്, ദി ലൈഫ് ആന്റ് ഫിലോസഫി ഒഫ് നാരായണഗുരു തുടങ്ങിയ ശ്രീനാരായണ പഠന ഗ്രന്ഥങ്ങൾ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ കഴിഞ്ഞ വർഷം നേരിട്ട് കൈമാറിയിരുന്നു. ഗുരുദേവന്റെ സന്ദേശങ്ങളും ദർശനവും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ ഇക്കഴിഞ്ഞ മേയ് മാസത്തിൽ ബ്രിട്ടീഷ് പാർലമെന്റിനും നൽകി.
ജാതീയത, മതവൈരങ്ങൾ, സാമൂഹ്യ വ്യത്യാസം, വിദ്യാഭ്യാസ അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുദേവന്റെ സന്ദേശങ്ങൾ പ്രതിരോധമാർഗമായി മാറുന്നു. ആത്മശുദ്ധി മാത്രമല്ല, സമൂഹത്തിന്റെ ശുദ്ധിയും വേണ്ടതാണെന്ന് ഗുരുദേവൻ ചിന്തിച്ചു. ദേശത്തിന്റെ അതിർവരമ്പുകളില്ലാതെ ലോകത്തിന്റെ നെറുകയിൽ ഗുരുദർശനത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നതിന് ദുബായ് നഗരവും ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ വത്തിക്കാനിൽ ലോക മതപാർലമെന്റും, ഇക്കഴിഞ്ഞ മേയിൽ യു.കെയിൽ ശ്രീനാരായണഗുരു ഹാർമണിയും, ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ജൂണിൽ അനുബന്ധ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
മതം, ജാതി, മതതീവ്രത, യുദ്ധം തുടങ്ങിയവ കൊണ്ടുള്ള വിഭജനങ്ങൾക്കിടയിലൂടെ സമത്വം, സ്നേഹം, സഹവാസം, ശാന്തി എന്ന ഗുരുവിന്റെ ആഹ്വാനം ലോകരാജ്യങ്ങൾക്ക് പ്രസക്തമായ ഒരു പ്രകാശദീപമായി തുടരുന്നു. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ഇതര സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർക്കൊപ്പം ലോകരാജ്യങ്ങളിലെ മതപ്രതിനിധികളും പങ്കെടുക്കും.
(ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയാണ് സ്വാമി വിരേശ്വരാനന്ദ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |