
ന്യൂഡൽഹി: നോബൽ ജേതാവായ ലോകപ്രശസ്‌ത ഇന്ത്യൻ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെൻ അന്തരിച്ചെന്ന കിംവദന്തികൾ നിഷേധിച്ച് മകൾ നന്ദന ദേബ് സെൻ. ''ബാബയ്‌ക്ക് പൂർണസുഖമാണ്..'' - അവർ എക്സിൽ കുറിച്ചു.
ഇന്ത്യ ഭാരത രത്നം നൽകി ആദരിച്ച സാമ്പത്തിക ശാസ്‌ത്രജ്ഞനാണ് അമർത്യ സെൻ. ഇന്നലെ ഉച്ചയോടെ അമർത്യ സെൻ ( 89) അന്തരിച്ചു എന്ന വാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു. ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ പ്രവഹിച്ചു. തുടർന്നാണ് അമർത്യ സെന്നിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മകൾ നിഷേധക്കുറിപ്പിറക്കിയത്.
''സുഹൃത്തുക്കളെ, നിങ്ങൾക്ക് നന്ദി.അത് വ്യാജ വാർത്തയാണ്. ബാബ പൂർണ സുഖമായിരിക്കുന്നു. ഞങ്ങൾ കുടുംബ സമേതം കേംബ്രിഡ്ജിൽ ഒരാഴ്ച ചെലവിട്ടതേയുള്ളൂ. ഇന്നലെ രാത്രിയും ഗുഡ്ബൈ പറഞ്ഞപ്പോൾ എന്നത്തെയും പോലെ ഊഷ്മളമായിരുന്നു അദ്ദേഹത്തിന്റെ ആലിംഗനം. ഇപ്പോഴും അദ്ദേഹം ഹാർവാഡിൽ ആഴ്ചയിൽ രണ്ട് ക്ലാസുകൾ എടുക്കുന്നു. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. എന്നത്തെയും പോലെ തിരക്കിലാണ്...'' കുറിപ്പിൽ നന്ദന പറഞ്ഞു.
ഇക്കൊല്ലത്തെ സാമ്പത്തിക നോബൽ നേടിയ അമേരിക്കൻ സാമ്പത്തിക ശാസ്‌ത്രജ്ഞ പ്രൊഫ. ക്ലോഡിയ ഗോൾഡിനിന്റെ പേരിലുള്ള വ്യാജ എക്സ് അക്കൗണ്ടിലാണ് അമർത്യ സെൻ അന്തരിച്ചെന്ന കള്ളവാർത്ത ആദ്യം വന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധനായ ഇറ്റാലിയൻ സ്കൂൾ അദ്ധ്യാപകൻ തൊമ്മാസോ ദെബെനെദെത്തി ( 54) ആണ് പണി പറ്റിച്ചത്.ഇതു വിശ്വസിച്ച ഇന്ത്യയിലെ നിരവധി ഓൺലൈൻ മാദ്ധ്യമങ്ങൾ അമർത്യ സെൻ അന്തരിച്ചെന്ന് വാർത്ത നൽകുകയും ചെയ്‌തു. സമൂഹമാദ്ധ്യമങ്ങളിലെ സുരക്ഷാ പഴുതുകൾ തുറന്നു കാട്ടാനാണ് താൻ ഇത് ചെയ്യുന്നതെന്നാണ്ദെ ബെനെദെത്തിയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |