
എഴുകോൺ : ടി.സി.യോഹന്നാനെന്ന ഒളിമ്പ്യനെ സൃഷ്ടിച്ച ഇരുമ്പനങ്ങാട് എ.ഇ.പി.എം ഹയർ സെക്കൻഡറി സ്കൂളിന്റെ കളിമുറ്റം വീണ്ടുമൊരു കായിക പ്രതിഭയ്ക്ക് വഴി തുറക്കുന്നു.
റവന്യൂ സ്കൂൾ കായികോത്സവത്തിൽ വേഗ രാജാവായ ബി. ശ്രീനന്ദ് ആണ് ആ താരം.
100, 200 മീറ്ററുകളിലാണ് ശ്രീനന്ദ് ഒന്നാമതെത്തിയത്. ഇതിന് പുറമേ ലോംഗ് ജമ്പിലും മാറ്റുരച്ചിരുന്നു. തലേദിവസം ലോംഗ് ജമ്പ് പരിശീലനത്തിനിടെ പരിക്കു പറ്റിയ കാലിൽ പ്ലാസ്റ്റർ ചുറ്റി വെച്ചാണ് ശ്രീനന്ദ് വിജയത്തിലേക്ക് ഓടിക്കയറിയത്. ലിഗ്മെന്റിന് പരിക്കുള്ളതിനാൽ വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.സ്കൂളിലെ കായികാദ്ധ്യാപകനായ വി. മനേഷും പരിക്കോടെ ശ്രീനന്ദിനെ ട്രാക്കിലിറക്കണോ എന്ന സന്ദേഹത്തിലായിരുന്നു. എന്നാൽ ശ്രീനന്ദിന്റെ ആത്മവിശ്വാസം പ്രതിബന്ധങ്ങളെ മറികടക്കുന്നതായി. ഇരട്ട മെഡൽ നേടിയതോടെ സ്കൂളിന്റെയും കൊട്ടാരക്കര സബ്ജില്ലയുടെയും അഭി മാനവുമായി ഈ പത്താം ക്ലാസുകാരൻ. പരിക്കിന്റെ പിടിയിലായിരുന്നിട്ടും 11 സെക്കൻഡിൽ താഴെ സമയമെടുത്താണ് ശ്രീനന്ദ് നൂറു മീറ്റർ ഫിനിഷ് ചെയ്തത്. 200 മീറ്റർ 25 സെക്കൻഡ് കൊണ്ടാണ് താണ്ടിയത്. കാക്കകോട്ടൂർ പ്ലാംതുണ്ടിൽ ബിനുകുമാറിന്റെയും ഉഷയുടെയും മകനാണ് ശ്രീനന്ദ് . പരിമിതമായ പരിശീലന സൗകര്യങ്ങൾക്കിടയിൽ കായികാദ്ധ്യാപകനായ വി. മനേഷിന്റെ അർപ്പണ ബോധമാണ് ശ്രീനന്ദിന് കരുത്തായത്.
1974 ലെ ടെഹറാൻ ഏഷ്യൻ ഗെയിംസിൽ ലോംഗ് ജമ്പിൽ ഏഷ്യൻ റെക്കാർഡിനുടമയായ ടി.സി.യോഹന്നാന്റെ കായിക സ്വപ്നങ്ങൾക്ക് വിത്തു പാകിയ കളിമുറ്റമാണ് ഇരുമ്പനങ്ങാട് എ.ഇ.പി.എം. സ്കൂൾ ഗ്രൗണ്ട്. 1976 ലെ ഒളിംപിക്സിൽ യോഹന്നാൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |