
ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗക്കാരനെ കത്തിച്ചുകൊന്നു. രണ്ട് യുവതികളെ നഗ്നരാക്കി നടത്തിച്ച മേയ് നാലിന് തന്നെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവാവിനെ കത്തിച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നത്. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള തൗബാൽ ജില്ലയിലെ നോംഗ്പോക് സെക്‌മായിലായിരുന്നു സംഭവം. 37കാരനായ ലാൽഡെൻതാംഗ ഖോങ്‌സായിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുക്കി-സോമി ആധിപത്യമുള്ള കാങ്‌പോക്പി പ്രദേശവാസിയാണ് ഇയാൾ.
കറുത്ത ഷർട്ടും പാന്റും ധരിച്ച ഒരാൾ പരിക്കുകളോടെ കിടക്കുന്നതും ആൾക്കൂട്ടം കത്തിക്കുന്നതുമാണ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ചുറ്റും ആളുകൾ സംസാരിക്കുന്ന ശബ്‌ദം കേൾക്കാം. എന്നാൽ, വീഡിയോയിൽ രണ്ട് പേരുടെ കാലുകൾ മാത്രമേ കാണാൻ കഴിയു. വീഡിയോ എടുക്കരുതെന്ന് ആരോ ആവശ്യപ്പെടുന്നുണ്ട്. വെടിയൊച്ചയുൾപ്പെടെ അക്രമങ്ങളുടെ ശബ്‌ദവും വീഡിയോയിൽ കേൾക്കാം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ വൻ പ്രതിഷേധം ഉയർന്നു. ഗോത്ര വർഗ സംഘടന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐ.ടി.എൽ.എഫ്) സംഭവത്തെ അ പലപിച്ചു. കേസ് സി.ബി.ഐക്ക് കൈമാറിയതായും മൃതദേഹം ഇംഫാൽ ഈസ്റ്റിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിലാണെന്നും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചു.
യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കുക്കി വിഭാഗക്കാരായ യുവതികളെ ഒരു സംഘം ആളുകൾ നഗ്നരാക്കി നടത്തിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തത് മേയ് നാലിന് തൗബാൽ ജില്ലയിൽ തന്നെയാണ്. രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് സംഭവത്തെത്തുടർന്നുണ്ടായത്. സെപ്‌തംബർ 23 മുതൽ മൂന്ന് ദിവസത്തേക്ക് ഇന്റർനെറ്ര് പുനഃസ്ഥാപിച്ചപ്പോഴാണ് കുറ്റകൃത്യങ്ങൾ ഓരോന്നായി വരുന്നത്. മേയ് മൂന്ന് മുതൽ മണിപ്പൂരിൽ ഇന്റർനെറ്ര് സേവനങ്ങൾ പൂർണ്ണമായോ ഭാഗികമായോ നിറുത്തിവച്ചിരിക്കുകയാണ്.
അതിനിടെ. അക്രമികൾ കൊള്ളയടിച്ച ആയുധങ്ങൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ചുരാചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്, വെസ്റ്ര്, കച്ചിംഗ്, തൗബൽ തുടങ്ങിയ ജില്ലകളിൽ തെരച്ചിൽ നടത്തി. 11 അത്യാധുനിക ആയുധങ്ങളും 20 വെടിയുണ്ടകളും രണ്ട് കിലോ വെടിമരുന്നും ഗ്രനേഡുകളും മാസികകളും കണ്ടെത്തി. ആയുധങ്ങളെല്ലാം വീണ്ടെടുക്കുന്നതു വരെ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |