ന്യൂഡൽഹി : ബി.ജെ.പി ഗോത്രവർഗ നേതാവ് വിഷ്ണു ദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. ഗോത്രനേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നൽകിയ ഉറപ്പാണ് ഇതോടെ യാഥാർത്ഥ്യമായത്.
ഇന്നലെ റായ്‌പൂരിൽ 54 എം.എൽ.എമാരുടെ യോഗം വിഷ്ണു ദേവ് സായിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.
സായിയുടെ മണ്ഡലമായ കുങ്കുരിയിലെ റാലിയിൽ, നിങ്ങൾ വിഷ്ണു ദേവ് സായിയെ എം.എൽ.എ ആക്കൂ, ഞങ്ങൾ അദ്ദേഹത്തെ വലിയ മനുഷ്യനാക്കുമെന്ന് അമിത് ഷാ വാക്ക് നൽകിയിരുന്നു. 25,541 വോട്ടുകൾക്കാണ് സായി ജയിച്ചത്.
മുതിർന്ന നേതാക്കളായ അരുൺ സാവോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻമുഖ്യമന്ത്രി രമൺസിംഗ് നിയമസഭാ സ്പീക്കറായേക്കും.
കൻവാർ ആദിവാസി വിഭാഗക്കാരനാണ് വിഷ്ണു ദേവ് സായ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതിലൂടെ, നിർണായക വോട്ടുബാങ്കായ ആദിവാസികളെ ഒപ്പം നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന് പാർട്ടി കരുതുന്നു. ഗോത്ര മേഖലകളിൽ വൻ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി നടത്തിയത്.
തന്നിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർക്ക് നന്ദി. മോദി ജനങ്ങൾക്ക് നൽകിയ ഗാരന്റി നടപ്പാക്കും. 18 ലക്ഷം പേർക്ക് വീട് ഉറപ്പാക്കുന്ന തീരുമാനം ആദ്യം കൈക്കൊള്ളും.
--വിഷ്ണു ദേവ് സായ്, നിയുക്ത മുഖ്യമന്ത്രി
ആദ്യ ആദിവാസി മുഖ്യമന്ത്രി ?
അജിത് ജോഗിയാണ് ഗോത്രവർഗക്കാരനായ ആദ്യ മുഖ്യമന്ത്രിയെങ്കിലും പിന്നീട് പട്ടികവർഗ പദവി നഷ്ടപ്പെട്ടിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ചെന്നായിരുന്നു ആരോപണം. അതിനാൽ ഛത്തീസ്ഗഢിലെ ആദ്യ ആദിവാസി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയാണെന്നാണ് പറയുന്നത്.
അനുഭവ സമ്പത്തിന്റെ
കരുത്തിൽ
വിഷ്ണു ദേവ് സായ്
ന്യൂഡൽഹി : 1990ൽ പഞ്ചായത്ത് അദ്ധ്യക്ഷനായി തുടക്കമിട്ട രാഷ്ട്രീയ പ്രവർത്തനം. ജഷ്പൂരിലെ കർഷകനിൽ നിന്ന് മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദിവാസി നേതാവ്. രാഷ്ട്രീയത്തിലെ അനുഭവപരിചയവും, ഗോത്രവിഭാഗങ്ങൾക്കിടയിലും പാർട്ടിയിലുമുള്ള സ്വാധീനവുമാണ് വിഷ്ണു ദേവ് സായിയുടെ കരുത്ത്. നരേന്ദ്രമോദി അടക്കം മുതിർന്ന നേതാക്കൾക്ക് സ്വീകാര്യൻ. മുൻ മുഖ്യമന്ത്രി രമൺ സിംഗ്, ഗോത്രവിഭാഗത്തിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി രേണുക സിംഗ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ച്ച നീണ്ട സസ്പെൻസിനൊടുവിൽ 59കാരനായ വിഷ്ണു ദേവ് സായ് കറുത്ത കുതിരയായി. ബി.ജെ.പി ദേശീയ പ്രവർത്തക സമിതി അംഗമാണ്. ആർ.എസ്.എസുമായി അടുത്ത ബന്ധം. അവിഭക്ത മദ്ധ്യപ്രദേശിൽ രണ്ടുതവണ എം.എൽ.എ ആയിട്ടുണ്ട്.
ആദ്യ മോദി സർക്കാരിൽ ഉരുക്ക് - ഖനി മന്ത്രി
മൂന്നുതവണ ബി.ജെ.പി ഛത്തീസ്ഗഢ് അദ്ധ്യക്ഷനായി
നാലുതവണ തുടർച്ചയായി റായ്ഗഡ് ലോക്സഭാംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |