തൃശൂർ: ഓരോ റേഞ്ചിലെയും ഒരു സ്കൂളിനെ തെരഞ്ഞെടുത്ത് പതിനായിരം രൂപ സാമ്പത്തിക സഹായം നൽകി സ്പോർട്സ് ടീമുകളെ സജ്ജമാക്കി ലഹരിയോ പ്രതിരോധിക്കാൻ പദ്ധതിയുമായി എക്സൈസ്. എക്‌സൈസിന്റെ കീഴിലുള്ള വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് കായികമത്സരങ്ങളിൽ വിദ്യാർത്ഥികളെ സജീവമാക്കാൻ പദ്ധതി ഒരുക്കുന്നത്. ബാസ്‌കറ്റ് ബാൾ, ഫുട്ബാൾ എന്നീ ടീമുകൾ ഒൻപത് റേഞ്ചിലുമുണ്ടാകും.
നാലു വർഷം മുൻപേ പദ്ധതി തുടങ്ങിയെങ്കിലും ഈ വർഷമാണ് വ്യാപകമാക്കുന്നത്. കായികഫണ്ടുകൾ ലഭിക്കാത്ത സ്‌കൂളുകൾക്കും പരിഗണന നൽകും. കായിക ഉപകരണങ്ങൾ വാങ്ങാനും കുട്ടികളുടെ ഭക്ഷണത്തിനും മറ്റുമായാണ് ഫണ്ട് വിനിയോഗിക്കുക. ഡി അഡിക്ഷൻ സെന്ററുകളിൽ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ചികിത്സ നൽകുന്നതിന് കൂടി സൗകര്യങ്ങൾ ഏർപ്പാട് ചെയ്യാനുള്ള നടപടികളും നടക്കുന്നുണ്ട്.
പട്ടികവർഗ്ഗ തീരദേശ മേഖലകളിൽ ഉണർവ്
കഴിഞ്ഞതവണത്തെ ഉണർവ് പദ്ധതി ഭൂരിപക്ഷം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന വെറ്റിലപ്പാറ ഹൈസ്‌കൂളിലായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ വോളിബാൾ, ഓപ്പൺ ജിം, ആർച്ചറി എന്നീ ഇനങ്ങളിലേക്കുള്ള കായികോപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇത്തവണ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ വിദ്യാലയങ്ങളെയാണ് തെരഞ്ഞെടുത്തത്. ആർച്ചറി, വോളിബാൾ, ഗോൾഫ്, കബഡി തുടങ്ങിയ കളികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. കോച്ചിനുള്ള ശമ്പളവും ഭക്ഷണവും ഫണ്ടിൽ ഉൾപ്പെടുത്തും.
വിമുക്തി ഡി അഡിക്‌ഷൻ കേന്ദ്രത്തിൽ ജൂൺ സെപ്തംബർ വരെയെത്തിയ വിദ്യാർത്ഥികൾ : 22
ആഗസ്റ്റിൽ ഒ.പിയിൽ: 155
കിടത്തിചികിത്സ: 12
കൗൺസിലിംഗ്: 79
റീ കണക്ടിംഗ് യൂത്ത്
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് സ്‌കൂളിലും കോളേജിലും എസ്.സി - എസ്.ടി കോളനികളിലും 'റീ കണക്ടിംഗ് യൂത്ത്' ബോധവത്കരണ ക്ലാസും നടക്കുന്നുണ്ട്. എൻട്രൻസ് കോച്ചിംഗ് സെന്ററിലും ട്യൂഷൻ സെന്ററിലും ബോധവത്കരണ ക്യാമ്പയിൻ 11 കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടി കഴിഞ്ഞവർഷം 13 സ്‌കൂളിൽ നടപ്പാക്കിയിരുന്നു. ലഹരിയുടെ വഴികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള നവമേഖലയിൽ പരിശീലനം നൽകാനുള്ള പദ്ധതി 100 സ്‌കൂളുകളിൽ നടപ്പാക്കുന്നുണ്ട്.
കായിക പ്രവർത്തനങ്ങളിലൂടെയേ ലഹരിയെ പ്രതിരോധിക്കാനാവൂ എന്നതിനാൽ വിദ്യാർത്ഥികളെ കായികമത്സരങ്ങളിലേക്ക് കൂടുതലായി അടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
എ.ആർ നിഗീഷ്
അസി.എക്‌സൈസ് കമ്മിഷണർ
വിമുക്തി മിഷൻ ജില്ലാ മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |