ചിറയിൻകീഴ്: നിരോധിത രാസലഹരിയുമായി യുവാവ് പിടിയിൽ. കഠിനംകുളം സെന്റ് മൈക്കിൾ സ്കൂളിന് സമീപം കൊന്നവിളാകം വീട്ടിൽ വിനോയ് വറീദാണ് (22) 25 ലക്ഷം രൂപ വിലവരുന്ന 455ഗ്രാം എം.ഡി.എം.എയുമായി ഡാൻസാഫ് ടീമിന്റെ പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ വലിയ അളവിലുള്ള രാസലഹരി വേട്ടയാണിത്. ബംഗളൂരു നിന്നുമാണ് ഇയാൾ ലഹരി വസ്തു കടത്തിക്കൊണ്ടുവന്നത്. മൈസൂർ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ട്രെയിനിൽ വന്ന ഇയാൾ ഡാൻസാഫ് ടീം പിന്തുടരുന്നതറിഞ്ഞ് പെരുങ്ങുഴി ഇടഞ്ഞുംമൂല വച്ച് ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങി.റൂറൽ ജില്ലാ പൊലീസ് മേധാവി കെ.സുദർശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇടഞ്ഞുംമൂലയിൽ നിന്ന് പിടികൂടിയത്. ബംഗളൂരുവിൽ ഇയാൾക്ക് ലഹരിയെത്തിച്ച ആളെയും സംഘത്തിലെ മറ്റുള്ളവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ റൂറൽ ജില്ലാ പൊലീസ് ശക്തമായ നടപടികളാണ് നടപ്പാക്കുന്നത്. പെരുങ്ങുഴി സ്വദേശിയായ ശബരിനാഥിനെ 51ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ആഴ്ച വർക്കലയിൽ നിന്നും ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ അതുൽരാജിനെ 30ഗ്രാം എം.ഡി.എം.എയുമായി നെയ്യാറ്റിൻകരയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നാർകോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.പ്രദീപ്,ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.മഞ്ജുലാൽ,ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അജീഷ് വി.എസ്,ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ ആർ.മനു,ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ്.ഫയാസ്,ബി.ദിലീപ്,ആർ.ബിജുകുമാർ,രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |