കോട്ടമുകൾ: കെ.പി റോഡിൽ കോട്ടമുകൾ ജംഗ്ഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടി.വി.എസിന്റെ സർവീസ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം. പത്തനംതിട്ട നിന്ന് സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഉൾപ്പെടുന്ന ഒരു യൂണിറ്റും, സ്റ്റേഷൻ ഓഫീസർ കെ.സി റെജികുമാർ, സീനിയർ ഓഫീസർ വി.എം മനോജ് എന്നിവരുടെ നേതൃത്വത്തിൽ അടൂരിൽ നിന്നും 11 അംഗ സംഘം ഉൾപ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടർന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും, അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഫ്ലാറ്റുകളും, പഴങ്ങൾ വിൽക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്ക സൃഷ്ടിച്ചു. കോട്ടൺ വേസ്റ്റുകളും, അപ്ഹോൾസ്റ്ററികളും, ഓയിൽ, ഗ്രീസ്, പെട്രോൾ ഉൾപ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. വെളുപ്പിന് നടന്ന സംഭവമായതിനാലും കെ.പി റോഡിൽ ഈ സമയത്ത് തിരക്ക് ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കൃത്യസമയത്ത് തന്നെ ഫയർഫോഴ്സ് എത്തിയതിനാൽ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |