തിരുവനന്തപുരം: സർക്കാർ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണെന്ന് ഐ.ബി സതീഷ് എം.എൽ.എ. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിച്ചൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഓരോ മേഖലയിലും വ്യക്തമാണ്. ഒരിക്കലും കേരളത്തിൽ സാദ്ധ്യമാകില്ലെന്ന് കരുതിയ ശീതകാലവിളകൾ കൃഷി ചെയ്തു വിജയിച്ച തിരുവനന്തപുരം ജില്ലയിലെ ഏക പഞ്ചായത്താണ് പള്ളിച്ചലെന്നും എം.എൽ.എ പറഞ്ഞു.
പള്ളിച്ചൽ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത് വലിയ നേട്ടമാണ്. അതിദരിദ്രരായ 15 പേരെ കണ്ടെത്തി, അവർക്ക് പാർപ്പിടം, ഭക്ഷണം, മരുന്ന് തുടങ്ങിയവ നൽകുന്നുണ്ട്. പാലിയേറ്റിവ് കെയർ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി 322 രോഗികളെയാണ് പഞ്ചായത്ത് പരിചരിച്ചുവരുന്നത്. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി എം.പി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആംബുലൻസ് സേവനവും നൽകിവരുന്നു. പരിചരണം ആവശ്യമുള്ള മുഴുവൻ രോഗികൾക്കും മരുന്ന്, വൈദ്യ പരിചരണം, വീൽചെയർ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയവയും നൽകി വരുന്നു.
പഞ്ചായത്തിലെ പൊതുഗതാഗത സൗകര്യം കുറവായ പ്രദേശങ്ങളിലേക്ക് ഗതാഗതം സുഗമമാക്കാനായി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഗ്രാമവണ്ടി നടപ്പിലാക്കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം 929 ഗുണഭോക്താക്കളാണ് കരാറിൽ ഏർപ്പെട്ടത്. 689 ഭവനങ്ങൾ പൂർത്തീകരിച്ചു. 240 ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
നരുവാമൂട് തൊഴിലുറപ്പ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശികല, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. റ്റി മനോജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |