കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാടിറങ്ങി കാട്ടുപോത്തുകൾ എത്തുന്നതിൽ
ഭീതിയിലായി നാട്ടുകാർ. കഴിഞ്ഞ ദിവസം ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ കൂട്ടത്തെ രാത്രി 11.30 നാണ് യാത്രക്കാർ കണ്ടത്. ഒറ്റക്കണ്ടം ഭാഗത്തുനിന്ന് മരുതോങ്കരയിലേക്ക് വരുന്നതിനിടെയാണ് തൊട്ടിൽപാലം സ്വദേശികളായ മഹേഷ് കരിങ്ങാടും സുഹൃത്തുക്കളും വഴിയിൽ ഒരു കാട്ടുപോത്തിനെ കണ്ടത്. യാത്ര തുടർന്നപ്പോൾ വീണ്ടും രണ്ടെണ്ണം കൂടെ കണ്ടു. കുറച്ച് ദിവസം മുൻപ് കച്ചേരി താഴ, മുണ്ട കുറ്റി ഭാഗങ്ങളിലും വാഹനയാത്രക്കാരും മറ്റും പുലർച്ചെ അഞ്ച് മണിക്ക് സഞ്ചരിച്ചവരും കൂട്ടമായി എത്തിയ കാട്ടുപോത്തുകളെ കണ്ടിരുന്നു. സമാന രീതിയിൽ മറ്റ് പ്രദേശങ്ങളിലും കാട്ടുപോത്തിൻ കൂട്ടം എത്തുന്നതായി നാട്ടുകാർ പറയുന്നു.
കുടിവെള്ള ക്ഷാമവും ചൂടും കാരണം
കാടിനുള്ളിലെ കുടിവെള്ള ക്ഷാമം ചൂടും കാരണം വയനാടൻ വനാതിർത്തികളിൽ നിന്നും ജാനകിക്കാട് എക്കോ ടൂറിസം കേന്ദ്രത്തിലെ കാടുകളിൽ നിന്നുമാണ് ജനവാസ മേഖലകളിലേക്ക് കാട്ടുപോത്തുകൾ എത്തുന്നത്. വേനൽക്കാലത്ത് കുറ്റ്യാടി കനാലിലുടെ ഒഴുകുന്ന വെള്ളം മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഏറെ പ്രയോജനപ്പെടുന്നുണ്ട്. ജലസാന്നിദ്ധ്യം കാരണം ഈ പ്രദേശത്തെ കാർഷിക വിളകൾക്കും മറ്റ് സസ്യങ്ങൾക്ക് ഇടതൂർന്ന് വളരാൻ സഹായമാകാറുണ്ട്. പ്രദേശത്തെ പല ഭാഗങ്ങളിലും കനാലിൽ നിന്ന് ചെറിയ നീരൊഴുക്കുകളുണ്ട്. വെള്ളം കിട്ടാതെ വലയുന്ന കാട്ടുമൃഗങ്ങൾക്ക് നാട്ടിലേക്ക് ഇറങ്ങാൻ ഇത് കാരണമാവുന്നുണ്ട്. ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്തുകൾ ആരെയും ആക്രമിച്ചതായി അറിവില്ല. കൂട്ടമായും ഒറ്റതിരിഞ്ഞും കാടിറങ്ങുന്ന കാട്ടുപോത്തുകൾക്ക് മുന്നിൽ അകപ്പെടുമോ എന്ന ഭീതിയിലാണ് തങ്ങൾ ജീവിക്കുന്നതെന്ന്
നാട്ടുകാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |