
തിരുവല്ല : വർഷങ്ങളായി തകർന്ന് തരിപ്പണമായ തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ കുഴിയടയ്ക്കൽ തുടങ്ങി. നടന്നുപോകാൻപോലും കഴിയാത്തവിധം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് റോഡ്.
റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തെ റോഡിൽ നിന്നാരംഭിച്ച് മല്ലപ്പള്ളി റോഡിൽ എത്തിച്ചേരുന്ന റോഡിന് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. റോഡിൽ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. സ്റ്റേഷന്റെ മുൻവശത്തെ മരത്തണലുള്ള ഭാഗത്തായിരുന്നു റോഡ് പൂർണമായും തകർച്ചയിലായിരുന്നത്. ഇവിടെ കുഴിയടച്ച് പൂർണമായും ടാർ ചെയ്യും. മറ്റിടങ്ങളിൽ കുഴിയടയ്ക്കൽ മാത്രമേയുള്ളു. പിന്നീട് പുതിയ എസ്റ്റിമേറ്റെടുത്ത് റോഡ് പൂർണമായും ടാർ ചെയ്യുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ ഇന്നലെ റോഡ് അടച്ച് അറ്റകുറ്റപ്പണികൾ നടത്തിയത് ഒട്ടേറെ വാഹന യാത്രക്കാരെ വലച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് ലഗേജുകളുമായി വന്നവരും അല്ലാത്തതുമായ യാത്രക്കാർക്കെല്ലാം മറ്റുവഴികളെ ആശ്രയിക്കേണ്ടിവന്നു.
വീതികൂട്ടൽ നടപ്പായില്ല
തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ് വീതികൂട്ടി വികസിപ്പിക്കുമെന്ന ആന്റണി എം.പിയുടെ പ്രഖ്യാപനം ഇതുവരെയും നടപ്പായില്ല. റോഡിനിരുവശവും പലഭാഗത്തും കാടുപിടിച്ചു. വലിയമരങ്ങൾ റോഡിന് മുകളിലൂടെ പന്തലിച്ചു നിൽക്കുന്നതും അടിക്കടി തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു.
റെയിൽവേ യാത്രക്കാർ മാത്രമല്ല റോഡ് ഉപയോഗിക്കുന്നത്. തിരുവല്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ കടന്നുപോകുന്നതും ഇതുവഴിയാണ്. തിരുവല്ല ബൈപ്പാസിലെ സിഗ്നലുകൾ ഒഴിവാക്കി പോകാനും വാഹനയാത്രികർ കൂടുതലായി ഈ റോഡിനെ ആശ്രയിക്കുന്നു.
റെയിൽവേ സ്റ്റേഷന്റെ പ്രധാനകവാടം തെക്കുഭാഗത്തേക്ക് മാറ്റിയതോടെ ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |