
റോയൽ എൻഫീൽഡ് ബൈക്ക് വിൽപ്പനയിൽ സെപ്തംബർ മാസത്തിൽ ഇടിവ്. കഴിഞ്ഞമാസം ആഭ്യന്തര വിപണിയിലെയും കയറ്റുമതിയും ചേർന്ന വിൽപ്പന 78,580 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം സമാനകാലയളവിലേനേക്കാൾ 4.28ശതമാനം കുറവാണിത്. 2022 സെപ്തംബറിൽ വിറ്റ 82,097 യൂണിറ്റ് വില്പന നടത്തിയിരുന്നു. 3,517 യൂണിറ്റുകളുടെ കുറവ്.
എന്നാൽ ഈവർഷം ആഗസ്റ്റിൽ വിറ്റ 77,583 യൂണിറ്റുകളേക്കാൾ 1.29 ശതമാനം വളർച്ച സെപ്തംബർ മാസത്തിൽ ഉണ്ടായിട്ടുണ്ട്. 350 സിസി വരെയുള്ള വിഭാഗത്തിലെ കമ്പനിയുടെ മോഡലുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. ഈ വിഭാഗത്തിൽ 64,206 യൂണിറ്റുകളാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിറ്റതെങ്കിൽ ഇക്കഴിഞ്ഞ മാസം വിൽപ്പന 9.56 ശതമാനം വർധിച്ച് 70,345 യൂണിറ്റായി. പുതിയ 2023 ബുള്ളറ്റ് 350 ലോഞ്ച് ചെയ്തതും ഈ സെഗ്മെന്റിലേക്കാണ്.
വില കൂടിയ ബൈക്കുകളുടെ വിൽപ്പനയും 2023 സെപ്തംബറിൽ വർധിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, സ്‌ക്രാം 411, 650 ട്വിൻസ്, ഹിമാലയൻ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ വില കൂടിയ ബൈക്കുകളുടെ സെഗ്മെന്റിലുള്ളത്.
350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വിഭാഗത്തിൽ കഴിഞ്ഞ മാസത്തിലെ വിൽപ്പന 8235 യൂണിറ്റാണ്. 2022 സെപ്തംബറിൽ വിറ്റ 7,891 യൂണിറ്റുകളിൽ 4.36 ശതമാനം വർധനാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2023 ഓഗസ്റ്റിൽ വിറ്റ 8,560 യൂണിറ്റുകളെ അപേക്ഷിച്ച് 3.80 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം വിൽപ്പനയുടെ 10.48 ശതമാനം ഓഹരിയാണ് ഈ വിഭാഗം ബൈക്കുകൾക്ക് ഉള്ളത്. മൊത്തം ആഭ്യന്തര വിൽപ്പന 2022 സെപ്തംബറിൽ 73,646 യൂണിറ്റായിരുന്നത് 0.84 ശതമാനം വർധിച്ച് 74,261 യൂണിറ്റുകളായി. 2023 ആഗസ്റ്റിൽ വിറ്റ 69,393 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പന 7.02 ശതമാനം മെച്ചപ്പെട്ടു.
കയറ്റുമതിയിലും റോയൽ എൻഫീൽഡിന് ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2022 സെപ്തംബറിൽ കയറ്റുമതി ചെയ്ത 8,451 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം കയറ്റുമതി 4,319 യൂണിറ്റായി കുറഞ്ഞു. 48.89 ശതമാനം ഇടിവാണ് ബൈക്ക് കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. 2023 ആഗസ്റ്റിൽ കയറ്റുമതി ചെയ്ത 8,190 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 47.26 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |