
കൽപ്പറ്റ: താമരശേരി ചുരത്തിൽ വീണ്ടും കൂറ്റൻ പാറ അടർന്നുവീണു. ഒമ്പതാം വളവിൽ വ്യൂ പോയന്റിന് സമീപത്തെ റോഡിലേക്കാണ് പാറ പതിച്ചത്. കനത്ത മഴയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വാഹനങ്ങൾ ഇല്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു വർഷം മുമ്പ് ചുരം റോഡിലേക്ക് പാറ അടർന്നുവീണ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. നിലമ്പൂർ സ്വദേശി അഭിനവാണ് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പാറ ദേഹത്ത് വീണ് മരിച്ചത്. ഏഴാം വളവിന് സമീപമായിരുന്നു അപകടം. ഇന്നലെ പാറ വീണ ഭാഗത്തിന് തൊട്ടടുത്ത് ഏതാനും മാസങ്ങൾക്കു മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സമാനമായ രീതിയിൽ പാറകൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഭാര വാഹനങ്ങൾ ഉൾപ്പെടെ നിരന്തരം കടന്നുപോകുന്നതാണ് പാറകൾ ഇളകി നിലം പതിക്കാൻ കാരണമാകുന്നതെന്ന് വിദഗ്ധസംഘം കണ്ടെത്തിയിരുന്നു. ഇളകി നിൽക്കുന്ന പാറകൾ നീക്കം ചെയ്തില്ലെങ്കിൽ അപകടം ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു സംഘം നൽകിയ റിപ്പോർട്ട്. കഴിഞ്ഞവർഷം സെപ്തംബറിൽ പാറ വീണ് യുവാവ് മരിച്ചതിനെ തുടർന്നാണ് വിദഗ്ദ്ധസംഘം ചുരത്തിൽ പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |