
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് ഹുറൂൺ 360യും വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അംബാനി ഒന്നാമതെത്തിയത്. 8,08,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനം വർദ്ധനയാണ് അംബാനിയുടെ സ്വത്തിൽ ഉണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 4,74,800 കോടി രൂപയുടെ ആസ്തിയാണുള്ളത്. അദാനിയുടെ സ്വത്തിൽ 57 ശതമാനത്തിന്റെ ഇടിവുണ്ടായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികൾക്ക് വൻ ഇടിവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിക്കുള്ള കാരണം. എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ബൈജു രവീന്ദ്രൻ പട്ടികയിൽ നിന്ന് പുറത്തായി.
ലിസ്റ്റിലെ മറ്റ് പ്രമുഖർ
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് എസ്. പൂനവാല പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 2,78,500 കോടി രൂപയാണ്. എച്ച്.സി.എല്ലിന്റെ ശിവ് നാടാർ 2,28,900 കോടി രൂപ ആസ്തിയുമായി നാലാം സ്ഥാനം നിലനിർത്തി. 1,76,500 കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയും കുടുംബവും അഞ്ചാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വി 1,64,300 കോടി രൂപയുമായി ആറാം സ്ഥാനത്ത് എത്തി. സെപ്റ്റോ സ്ഥാപിച്ച 20 കാരനായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
1,62,300 കോടി രൂപ ആസ്തിയോടെ ലക്ഷ്മി മിത്തലും കുടുംബവും (ഏഴാംസ്ഥാനം), 1,43,900 കോടി രൂപ ആസ്തിയോടെ അവന്യൂ സൂപ്പർമാർട്ടിന്റെ രാധാകിഷൻ ദമാനിയും (എട്ടാംസ്ഥാനം), 1,25,600 കോടി രൂപ ആസ്തിയോടെ ആദിത്യ ബിർള ഗ്രൂപ്പിന്റെ കുമാർ മംഗലം ബിർളയും കുടുംബവും (ഒമ്പതാം സ്ഥാനം). 1,20,700 കോടി രൂപ ആസ്തിയോടെ ബജാജ് ഓട്ടോയുടെ നീരജ് ബജാജും കുടുംബവും (പത്താം സ്ഥാനം) ഇടം നേടി. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 ലിസ്റ്റിൽ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി.
ലിസ്റ്റിലെ ധനികരായ വനിതകളിൽ സോഹോയുടെ രാധ വെമ്പു ആണ് മുന്നിലെത്തിയത്. നൈകയുടെ ഫാൽഗുനി നയ്യാറിനെ പിന്തള്ളിയാണ് രാധ വെമ്പു മുന്നേറിയത്. 1,000 കോടി രൂപയിൽ കൂടുതൽ സമ്പത്തുള്ള വ്യക്തികൾ മൊത്തം 1,319 പേർ ആയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |