
കോലഞ്ചേരി: കടുത്ത വേനലും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തിൽ, പുത്തൻകുരിശ് പഞ്ചായത്തിലെ രാമല്ലൂർ വാർഡിൽ പെരിയാർ വാലി കനാൽ വഴി വെള്ളമെത്തിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്ന ഘട്ടത്തിലാണ് പഞ്ചായത്ത് അംഗത്തിന്റെ ഇടപെടലിലൂടെ കനാലിൽ വെള്ളമെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസത്തെ ശ്രമഫലമായി കനാലിൽ വെള്ളം ടെയിൽ എൻഡ് വരെയും ചൂരക്കോട്ട് ചിറ നിറച്ച് കാണിനാട് ഷാരം ഭാഗത്തേക്കുള്ള തോടുവഴിയും എത്തിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതോടെ പ്രദേശത്തെ ചില മേഖലകളിൽ ഭാഗികമായെങ്കിലും ആശ്വാസം ലഭിച്ചു. ജലക്ഷാമം രൂക്ഷമായതിനാൽ നിരവധി കുടുംബങ്ങൾക്ക് ടാങ്കർ ലോറിയിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത് സ്ഥിരപരിഹാരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
പെരിയാർ വാലി ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വെള്ളത്തിന്റെ സമ്മർദ്ദം കുറഞ്ഞിരിക്കുകയാണ്. അതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കനാലിലൂടെ വെള്ളം എത്തിക്കുന്നത് കൂടുതൽ പ്രയാസകരമാണ്. ടെയിൽ എൻഡിലും ചിറയിലും വെള്ളം എത്തിച്ചെങ്കിലും അത് നിറഞ്ഞ് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നിലവിൽ 14 ദിവസത്തിലൊരിക്കലാണ് കനാലിൽ വെള്ളമെത്തുന്നത്. മുൻപ് 10 ദിവസത്തിലൊരിക്കലായിരുന്നു വിതരണം. പ്രദേശത്തെ ജലക്ഷാമം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന്, പെരുമ്പാവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് നൽകേണ്ട വെള്ളത്തിൽ നിന്ന് ഒരു ദിവസം അധികമായി രാമല്ലൂർ വാർഡിന് അനുവദിച്ചു. അതേസമയം, ഈ പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായി ഇനി 18 ദിവസത്തിന് ശേഷമേ കനാലിൽ വെള്ളം ലഭിക്കൂവെന്ന് പെരിയാർ വാലി അധികൃതർ പറഞ്ഞു.
കടുത്ത വേനലിൽ വാർഡിലെ കുടിവെള്ള വിതരണവും കൃഷിയും വലിയ പ്രതിസന്ധിയിലായിരുന്നു. വിളകൾ കരിഞ്ഞുനശിക്കുന്ന അവസ്ഥയിൽ ഇറിഗേഷൻ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായാണ് പെരിയാർ വാലി കനാൽ വഴി വെള്ളമെത്തിക്കാൻ കഴിഞ്ഞത്. ഇത് സ്ഥിരപരിഹാരമല്ലെങ്കിലും ജനങ്ങൾക്ക് താത്കാലിക ആശ്വാസം നൽകും. കൂടുതൽ സ്ഥിരമായ പരിഹാരങ്ങൾക്കായി ശ്രമം തുടരുകയാണ്
ജയ്സൽ ജബ്ബാർ
പഞ്ചായത്ത് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |