മാള : മണിപ്പൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സെമിഫൈനൽ വരെയെത്തുന്ന പ്രകടനം. പക്ഷേ ഫുട്ബാൾ താരവും തിരുത്തിപ്പുറം സ്വദേശി വർക്ക്‌ഷോപ്പ് ജീവനക്കാരൻ ഒള്ളാട്ടുപുറത്ത് ചാൾസിന്റെയും ഭാര്യ ഷീബയുടെയും മകളുമായ അജീഷ ചാൾസ് ഇന്ന് ജീവിതത്തിന്റെ കളിക്കളത്തിലാണ്. കിക്ക്സ്റ്റാർട്ട് എഫ്.സി പോലുള്ള ക്ലബ്ബുകളിൽ നിന്ന് അവസരങ്ങൾ ലഭിച്ചിട്ടും സാമ്പത്തിക പരിമിതിയാണ് അജീഷയ്ക്ക് വിലങ്ങുതടിയാകുന്നത്.
സ്ഥിരവരുമാനം തേടി ഇപ്പോൾ ബംഗളൂരുവിൽ ഫിസിയോതെറാപ്പി പഠനം തുടരുകയാണ്. 'സ്‌പോർട്‌സ് ഫിസിയോ ആയി എങ്കിലും മൈതാനത്തേക്ക് മടങ്ങിയെത്തണം' എന്നതാണ് ലക്ഷ്യം. അജീഷ കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾക്കിടെ ബൂട്ടഴിച്ച അവസ്ഥയിലാണ്.
തിരുത്തൂർ സെന്റ് തോമസ് യു.പി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ജിംസൺ എന്ന പരിശീലകന്റെ കീഴിൽ തുടങ്ങിയ ഫുട്ബാൾ യാത്ര പിന്നീട് കരിയറാക്കുകയായിരുന്നു. കോതമംഗലം മാർ ബേസിൽ സ്‌പോർട്‌സ് സ്‌കൂളിലെ പരിശീലനം വഴിത്തിരിവായി. പെൺകുട്ടികൾക്ക് ടീം ഇല്ലാത്തതിനാൽ തുടക്കത്തിൽ അത്‌ലറ്റിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് ഫുട്ബാളിലേക്ക് മടങ്ങി. പഠനത്തിലും മികവ് പുലർത്തിയ അജീഷ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പ്ലസ് ടു സമയത്തെ ലിഗ്‌മെന്റ് പരിക്ക് തിരിച്ചടിയായെങ്കിലും പിന്നീട് കേരള പ്രീമിയർ ലീഗിലും വനിതാ ലീഗിലും ലോർഡ്‌സ് എഫ്.സിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു കൈത്താങ്ങ് ലഭിച്ചാൽ വീണ്ടും കേരള ജഴ്‌സിയിൽ കളിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അജീഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |