അഗളി: ജില്ലയിൽ പുതിയതായി രൂപീകരിച്ച അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് ഡെപ്യൂട്ടി കലക്ടർ (ജനറൽ) എൻ.എം.മെഹറലി ഉത്തരവിട്ടു. ഓഫീസിന്റെ പ്രവർത്തനം തുടങ്ങുന്നതിനും നടപടിയായി.
22 തസ്തികകളിലാണ് ആകെ നിയമനം നടത്തുന്നത്. അട്ടപ്പാടിയിൽ നിലവിലുള്ള എൽ.എ ആന്റ് എൽ.ടി സ്പെഷ്യൽ തഹസിൽദാരുടെ യൂണിറ്റ് നിറുത്തലാക്കി ഇവിടുത്തെ എട്ട് തസ്തികകൾ പുനഃക്രമീകരിച്ചും പുതിയ 14 തസ്തിക സൃഷ്ടിച്ചുമാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുക.
എറണാകുളം ഡെപ്യൂട്ടി തഹസിൽദാർ പി.ടി.വേണുഗോപാലനെയാണ് തഹസിൽദാരായി നിയമിച്ചത്. എസ്.ശ്രീജിത്താണ് പുതിയ എൽ.ആർ തഹസിൽദാർ. രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാർ, ഒരു ഹെഡ് ക്ലർക്ക്, നാല് ക്ലർക്ക്, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ പത്ത് തസ്തികളിലാണ് നിലവിൽ നിയമനം നടത്തി ഉത്തരവായത്.
എൽ.എ ആന്റ് എൽ.ടി സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന മിനിസിവിൽ സ്റ്റേഷനിലെ കെട്ടിടത്തിലാണ് പുതിയ അട്ടപ്പാടി താലൂക്ക് ഓഫീസ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |