കാസർകോട്: സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്ന് നീക്കി. സി.പി.എം പള്ളിക്കര പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ ആണ് ഇന്നലെ വൈകുന്നേരം ചേർന്ന സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി യോഗം അടിയന്തരമായി വിളിച്ചുചേർത്താണ് പാർട്ടി നടപടി തീരുമാനിച്ചത്. ലോക്കൽ സെക്രട്ടറിയുടെ ചുമതല മറ്റൊരു നേതാവിന് നൽകിയിട്ടുണ്ട്. കാസർകോട് ജില്ലാ കമ്മിറ്റി ഏരിയ കമ്മറ്റിയുടെ തീരുമാനം ശരിവെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സിപിഎം പ്രവർത്തകയായ യുവതിക്ക് അയച്ച അശ്ലീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ എത്തിയതോടെ ഇത് സോഷ്യൽ മീഡിയകളിൽ ആരോ പോസ്റ്റ് ചെയ്തു. ഇതോടെ വോയിസ് മെസ്സേജ് വിവാദമായി. സി.പി.എം പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് പുറമെ ഉദുമ ഏരിയ കമ്മിറ്റി അംഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ രാഘവൻ വെളുത്തോളി വഹിക്കുന്നുണ്ട്. കല്യോട്ട് ഇരട്ട കൊലക്കേസിൽ പ്രതിയായ രാഘവൻ കേസ് വിചാരണയ്ക്കായി കൊച്ചിയിലേക്ക് യാത്ര തിരിക്കുമ്പോൾ ട്രെയിനിൽ വെച്ചാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തെ സൂചിപ്പിക്കുന്ന ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്. പാർട്ടിബന്ധമുള്ള ഒരു യുവതിക്കാണ് സന്ദേശം അയച്ചതെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
സന്ദേശം അറിയാതെ പാർട്ടി ഗ്രൂപ്പിൽ എത്തിയപ്പോഴാണ് ചർച്ചയായത്. സംഭവം വിവാദമായതോടെ രാഘവൻ നൽകിയ വിശദീകരണ സന്ദേശം കൂടുതൽ അബദ്ധമായി. ഇത് ഭാര്യക്ക് അയച്ച സന്ദേശമാണെന്നും മാറിപ്പോയതാണെന്നുമാണ് നൽകിയ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം കൊച്ചിയിൽ തങ്ങേണ്ടതിനാൽ ഭാര്യയെ ആശ്വസിപ്പിക്കാനാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്നാണ് രാഘവന്റെ വിശദീകരണം.
അതിനിടെ നാട്ടിൽ നിന്ന് മാറിനിൽക്കുന്നതിനുള്ള പ്രയാസവും രാഘവന്റെ സന്ദേശത്തിലുണ്ട്. അതിനിടെ ഭാര്യക്ക് അയച്ചതാണെന്ന് പറയുന്ന സന്ദേശം ട്രെയിനിൽ എട്ടോളം സഹപ്രവർത്തകരുടെ കൂടെ ഇരുന്നാണ് നൽകിയയെന്നും തനിച്ചിരുന്നല്ല സന്ദേശം അയച്ചതെന്ന് പറയുന്നതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. രാഘവനെ നേതൃസ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |