SignIn
LOCAL
Mon 26 October 2020 TIMELINE
ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷൻ സ്വദേശി അനീഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4ന് ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന കാറും എതിരേവന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയെത്തുടർന്ന് കാർ ദേശീയപാതയിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. October 26, 2020
പൊൻതൂവലായി ചെമ്മീൻ ഹാച്ചറി....
വർക്കല: 15ാം വർഷത്തിന്റെ തിളക്കത്തിലെത്തിയ ഓടയം തിരുവമ്പാടി കടൽത്തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന ചെമ്മീൻ ഹാച്ചറി വിത്ത് ഉത്പാദനത്തിൽ കരുത്തോടെ മുന്നേറുന്നു. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള (ജലകൃഷി വികസന ഏജൻസി, അഡാക്ക്) കീഴിലാണ് ഹാച്ചറിയുടെ പ്രവർത്തനം. കാര ചെമ്മീൻ, നാരൻ ചെമ്മീൻ, ആറ്റുകൊഞ്ച്,എന്നീ മൂന്നിനം ചെമ്മീൻ മത്സ്യക്കുഞ്ഞുങ്ങളുടെ വിത്തുകളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മണ്ണ്, വെള്ളം, മത്സ്യരോഗങ്ങൾ, തീറ്റയുടെ ഗുണനിലവാരം,​ മലിനമാക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സംവിധാനമായ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും. തിരുവമ്പാടി കടലിൽ നിന്നും ഫ്ലെക്‌സിബിൾ ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിച്ച് ഹാച്ചറിയിലെ പ്രത്യേക ടാങ്കുകളിലെത്തിച്ച ശേഷം വിവിധ ജല ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമാണ് ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. രാജീവ്ഗാന്ധി സെന്റർ ഫോർ അക്വാട്ടിക് ബയോളജി (ആർ.ജി.സി.എ) വിഭാഗത്തിന്റെെ സാങ്കേതിക സഹായത്തോടെ ഞണ്ട് ഹാച്ചറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. ഫിഷറീസ് വകുപ്പിന്റെ അതിനൂതന മത്സ്യകൃഷി സംരംഭവും ജില്ലയിലെ മത്സ്യ കർഷകർക്ക് നേരിട്ട് പരിശീലനം, മത്സ്യക്കൃഷി പരിപാലനം, കൃഷിരീതി, ബോധവത്കരണം എന്നിവയ്‌ക്കായി ബയോ ഫ്ലോക്ക് യൂണിറ്റും ഇവിടെ പ്രവർത്തനസജ്ജമാണ്. October 26, 2020
നിയന്ത്രണംവിട്ട വാൻ പോസ്റ്റിലിടിച്ച് 4 പേർക്ക് പരിക്ക്
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയ വാൻ വൈദ്യുതി പോസ്റ്റിലിടിച്ചുകയറി 4 പേർക്ക് പരിക്ക്. വാനിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മൂന്നു പേർക്കും ബൈക്ക് യാത്രികനായ ആലംകോട് സ്വദേശിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ്‌ രണ്ടായി ഒടിഞ്ഞ് ഏറെ നേരം വൈദ്യുതി നിലച്ചു. വാനിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ കല്ലമ്പലം പൊലീസെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. October 26, 2020
സ്പിന്നിംഗ് മെഷീനുകൾ ഉദ്‌ഘാടനം ചെയ്തു
മുടപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായി പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈൻ വഴി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. സ്പിന്നിംഗ് മെഷീനുകളുടെ സ്വിച്ച് ഓൺ കർമ്മം കയർ അപെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. കയർ സംഘം പ്രസിഡന്റും അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. അജിത്ത് സ്വാഗതം പറഞ്ഞു. കയർ സ്പെഷ്യൽ സെക്രട്ടറി എൻ. പത്മകുമാർ, കയർ വികസന ഡയറക്ടർ കെ.എസ്. പ്രദീപ്, കയർ ഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ തൊഴിലാളി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, എൻ.സി.ആർ.എം.ഐ ഡയറക്ടർ കെ.ആർ. അനിൽ, മെഷീൻ മാനു ഫാക്ച്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി. ശശീന്ദ്രൻ, കുഴിയം കയർ സംഘം പ്രസിഡന്റ് സി. സുര, അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം. തുളസി, കയർ പ്രോജക്ട് ഓഫീസർ എ. ഹാരീ, കയർ ഇൻസ്‌പെക്ടർ സച്ചു എൻ.കുറുപ്പ്, കയർ സംഘം സെക്രട്ടറി വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. October 26, 2020
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.