കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണെന്ന തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിനെതിരെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്, അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ലെന്നും ഇ പി പറഞ്ഞു.
'ഗാന്ധിജി രക്തസാക്ഷിയാണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ? രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ്പ് അങ്ങനെ പ്രസംഗിച്ചത് എന്തിന് വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് ഈ പ്രസ്താവന. എന്താണ് ലക്ഷ്യം? ബിഷപ്പിന്റെ നടപടി തെറ്റാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്, അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല.'- ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
കെസിവൈഎം തലശേരി അതിരൂപത കണ്ണൂർ ചെറുപുഴയിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷ വേദിയിലായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം. 'യേശുവിന്റെ 12 ശിഷ്യന്മാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്.'- എന്നായിരുന്നു ബിഷപ്പ് പാംപ്ലാനി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |