കൊച്ചി: ഗാർഹികപീഡന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി, പൊലീസിനെ വട്ടംചുറ്റിച്ച സ്കൂട്ടർ മോഷണക്കേസിൽ പ്രധാന സാക്ഷിയായി ! കോഴിക്കോട് നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെൻട്രൽ പൊലീസ് അന്വേഷണം പ്രതികളെ കുടുക്കി. കൊല്ലം കിഴവൂർ സ്വദേശി സക്കീർ ഹുസൈൻ (42), ഇയാളുടെ വനിതാ സുഹൃത്ത് എന്നിവരാണ് പിടിയിലായിയത്. ഇവരെ നല്ലളം പൊലീസിന് കൈമാറി.
കൊച്ചി നഗരത്തിൽ ഹെൽമറ്റില്ലാതെ യാത്രചെയ്തതിനുള്ള 'പെറ്റി എസ്.എം.എസ്' സ്കൂട്ടറിന്റെ ഉടമയായ കോഴിക്കോട് സ്വദേശിക്ക് ലഭിച്ചതോടെയാണ് അന്വേഷണത്തിന് സെൻട്രൽ പൊലീസിലേക്കെത്തുന്നത്. കേസന്വേഷണ ഡയറി തുറക്കുമ്പോൾ...
പേജ് - 1
ജൂലായ് ആറ്. കോഴിക്കോട് കൊളത്തറ സ്വദേശിയായ 57കാരന്റെ യമഹ സ്കൂട്ടർ മോഷണം പോയി. നല്ലളം പൊലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് ഇയാളുടെ ഫോണിലേക്ക് പരിവാഹനിൽനിന്ന് നിയമലംഘനത്തിന് പിഴചുമത്തി എസ്.എം.എസ് വന്നു. എറണാകുളം എം.ജി റോഡിലൂടെ ഹെൽമറ്റ് വയ്ക്കാതെ യാത്രചെയ്തതിനായിരുന്നു പിഴ. എ.ഐ ക്യാമറയിൽ സ്കൂട്ടർ കുടുങ്ങിയത് പൊലീസിനെ അറിയിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അനൂപും നല്ലളം എസ്.ഐയും ഒരേ ബാച്ചുകാരായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമായി. പരാതിയും ഒരേയൊരു തുമ്പായ ഇ-ചലാനും കൈമാറി.
പേജ് 2
പിന്നിലിരുന്ന യുവതി ധരിച്ച സാരി ഇ-ചലാനിൽ വ്യക്തമായിരുന്നു. യൂണിഫോം സാരിയാണെന്ന് കണ്ടെത്തിയെങ്കിലും ആയിരത്തിലധികം സ്ഥാപനങ്ങളിൽ ഏതെന്ന് കണ്ടെത്തുക വെല്ലുവിളിയായി. ഒടുവിൽ യൂണിഫോം ഒരു പ്രമുഖ വസ്ത്രവ്യാപര സ്ഥാപനത്തിന്റേതാണെന്ന് കണ്ടെത്തി.
ആയിരത്തിലധികം ജീവനക്കാരുള്ള സ്ഥാപനത്തിൽ നിന്ന് യുവതിയെ കണ്ടെത്തുകയായി അടുത്ത കടമ്പ. രണ്ടാഴ്ച പിന്നിട്ടെങ്കിലും യുവതിയിലേക്ക് എത്താനായില്ല. ഈ ഘട്ടത്തിലാണ് ഗാർഹികപീഡനപരാതി നൽകാൻ യുവതി സെൻട്രൽ സ്റ്റേഷനിൽ എത്തിയത്.
പേജ് 3
ഭർത്താവ് ജോലിസ്ഥലത്തെത്തി മർദ്ദിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. സ്ഥാപനം ഏതെന്ന് ചോദ്യത്തിന് ലഭിച്ച മറുപടി എസ്.ഐയെ ആശ്ചര്യപ്പെടുത്തി. മോഷണക്കേസിൽ അന്വേഷണം വഴിമുട്ടി നിന്ന അതേ വസ്ത്രവ്യാപര സ്ഥാപനം. ഇ-ചലാൻ യുവതിയെ കാട്ടിയതോടെ എസ്.ഐ വീണ്ടും അമ്പരന്നു. ഇത് ഞാനല്ലേയെന്ന യുവതിയുടെ മറുപടിയാണ് ഞെട്ടിച്ചത്. സുഹൃത്താണ് സ്കൂട്ടർ ഓടിച്ചതെന്നും അവരുടെ വാഹനമാണെന്നും യുവതി പറഞ്ഞു. മോഷണക്കേസ് യുവതിയിൽ നിന്ന് മറച്ചുവച്ചു.
പേജ് 4
സ്കൂട്ടർ ഓടിച്ച യുവതിക്ക് ബോധവത്കരണ ക്ലാസ് നൽകാനുണ്ടെന്ന് വിശ്വസിപ്പിച്ച് അവരുടെ നമ്പർ കൈക്കലാക്കി. വൈകിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴായിരുന്നു ട്വിസ്റ്റ്. സക്കീർ സ്കൂട്ടർ ഉപയോഗിക്കാൻ നൽകിയതെന്നായിരുന്നു മൊഴി. അന്നുതന്നെ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |