കോട്ടയം: എൻ.സി.പി നോമിനിയായി പി.എസ്.സി അംഗമാക്കാൻ പാർട്ടി സംസ്ഥാന നേതാവ് ഉൾപ്പെടെയുള്ള നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന പരാതിയിൽ ഗവർണറുടെ നടപടി പ്രതീക്ഷിച്ച് ശശീന്ദ്രൻ വിഭാഗം.
കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സഹിതം പൊതുപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി പ്രസാദ് സോമരാജൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് പരാതി നൽകിയിരുന്നു.കൈക്കൂലി നൽകിയവർ ഇപ്പോൾ പി.എസ്.സിയിൽ അംഗമാണെന്ന് പരാതിയിൽ പറയുന്നു.
കൈക്കൂലി വാങ്ങിയതിന് നേതാവിനെയും നൽകിയതിന് അംഗത്തെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയുന്നു. ഗവർണർ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചാൽ എൻ.സിപിയിലും ഇടതുമുന്നണിയിലും പൊട്ടിത്തെറിയാവും. എൻ.സി.പി ഗ്രൂപ്പ് പോരിനൊപ്പം കോഴ വിവാദത്തിൽ ഒരു വിഭാഗത്തെ പ്രഹരിക്കാനുള്ള നീക്കവും മുറുകിയിട്ടുണ്ട്.
ഗവർണർക്ക് നൽകിയ പരാതി
പി. എസ്. സി അംഗമാകാൻ 1.20കോടി രൂപ കൈക്കൂലി നൽകിയെന്ന് എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി ഒരു കൊല്ലം മുമ്പ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഗഡുവായി 60 ലക്ഷം രൂപ എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറിക്കും 55 ലക്ഷം രൂപ ഒരു ബാർ ഉടമ വഴി പ്രമുഖ നേതാവിനും കൈമാറി. ഇതിൽ 25 ലക്ഷം നേതാവിന്റെ ഭാര്യയ്ക്കാണ് നൽകിയത്.
ഫോൺ സംഭാഷണം
പ്രമുഖ നേതാവിന്റെ അടുപ്പക്കാരനും എൻ.എ.മുഹമ്മദ് കുട്ടിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് തെളിവായി ഗവർണർക്ക് നൽകിയത്. സംഭാഷണത്തിന്റെ ഉള്ളടക്കം ഇങ്ങനെ -പി.എസ്.സി അംഗത്തിന്റെ പിതാവ് നേതാവിന്റെ ഇടനിലക്കാരന് ആദ്യം 30 ലക്ഷം രൂപയും പി.എസ്.സി അംഗത്വ ഉത്തരവ് കാബിനറ്റ് അംഗീകരിച്ചതോടെ 15 ലക്ഷവും നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടതോടെ 10 ലക്ഷം രൂപയമടക്കം 55 ലക്ഷം രൂപ നൽകി.
നികുതി ഓർഡിനൻസിന്
ഗവർണറുടെ അംഗീകാരം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നിശ്ചയിച്ചശേഷം മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം ശുപാർശ ചെയ്ത നികുതി ചുമത്തൽ ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണിത്.
നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് ചേരാൻ തീരുമാനിക്കുകയും അതിന് ഗവർണറുടെ അനുമതി നേടുകയും ചെയ്തശേഷം ഓർഡിനൻസിറക്കുന്നത് അസാധാരണമാണെന്നും അങ്ങനെ കീഴ്വഴക്കമില്ലെന്നും ഗവർണർ സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ, ധനകാര്യ എക്സ്പെൻഡീച്ചർ സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ രാജ്ഭവനിലെത്തി ഓർഡിനൻസിൽ ഒപ്പിടണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചു.
കേന്ദ്രനിർദ്ദേശ പ്രകാരം നികുതിഘടനയിൽ മാറ്റം വരുത്തുന്നതിനാണ് ഓർഡിനൻസെന്നും ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കേണ്ട നികുതി നിർദ്ദേശമാണെന്നും അറിയിച്ചു. 2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനാണ് അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |