കൽപ്പറ്റ: ഗുജറാത്ത്, മഹാരാഷ്ട്ര പ്രദേശങ്ങൾ ഉൾപ്പെടുന്ന വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സസ്യം വയനാട്ടിൽ ഉള്ളതായി എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം കണ്ടെത്തി.ഹെറ്ററോസ്റ്റെമ്മ ഡാൾസെല്ലി എന്നു പേരുള്ള വള്ളിച്ചെടിയാണിത്. തെക്കൻ പശ്ചിമ ഘട്ടത്തിൽ ഈ ചെടിയുടെ സാന്നിധ്യം വയനാട്ടിൽ നിന്നാണ്. നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടുന്നുള്ള തൊള്ളായിരം വനമേഖലയോടു ചേർന്നുള്ള പ്രദേശത്തു നിന്നാണ് ചെടി കണ്ടെത്തിയത്.
ലോകത്ത് ഈ ജീനസിൽ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ചൈന, തായ് വാൻ, മ്യാൻമർ, വിയറ്റ്നാം, ലാവോസ്, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, പടിഞ്ഞാറൻ പസഫിക് ദ്വീപുകൾ വരെ 45 സ്പീഷിസുകൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ, ഹെറ്ററോസ്റ്റെമ്മയെ 11 സ്പീഷിസുകൾ പ്രതിനിധീകരിക്കുന്നു. അതിൽ എട്ട് സ്പീഷിസുകൾ പശ്ചിമഘട്ട മലനിരകളിൽ നിന്നു കണ്ടെത്തിയതാണ്.
ഗവേഷണ നിലയം ഡയറക്ടർ ഡോ. വി.ഷക്കീല, ഗവേഷകരായ ഡോ. എൻ. മോഹനൻ, സലിം പിച്ചൻ, പി.എം.നന്ദകുമാർ, ആലപ്പുഴ എസ്.ഡി കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ. ജോസ് മാത്യു എന്നിവരാണ് സസ്യത്തെ കണ്ടെത്തിയത്. പാല വർഗത്തിലെ അപൂർവ വള്ളിച്ചെടികളിലൊന്നാണ് ഈ സസ്യം. മനോഹരമായ പൂക്കളും ഇലകളുമുള്ള ഇവയെ അലങ്കാര സസ്യമായി രൂപപ്പെടുത്താവുന്നതാണെന്ന് ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |