ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്‌ജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിന് വാരിക്കോരിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. സഖ്യകക്ഷിയാ ജെ.ഡി.യുവിനൊപ്പം ബീഹാറിൽ ഭരണം നിലനിറുത്താനും കൂടുതൽ സീറ്റുകൾ നേടാനുമാണ് ബീഹാറിന്റെ കീശ നിറയ്ക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. .ബീഹാറിനായി പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് മഖാന ബോർഡ് രൂപീകരണം. : മെഡിക്കൽ ഗുണങ്ങളുള്ള മഖാന വിത്തുകളുടെ ഉത്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നിവ മെച്ചപ്പെടുത്തുകയാണ് മഖാന ബോർഡിന്റെ രൂപീകരണത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
എന്താണ് മഖാന
ദക്ഷിണേന്ത്യയിൽ അത്ര പരിചിതമല്ലെങ്കിലും ബീഹാർ, അസം, മണിപ്പൂർ, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ സവിശേഷ പ്രാധാന്യമുള്ള ഒരു ഭക്ഷ്യവിളയാണ് ഗോർഗൺ നട്‌സ് അഥവാ ഫോക്‌സ് നട്ട് എന്നറിയപ്പെടുന്ന മഖാന. നിംഫേസി കുടുംബത്തിൽ പെട്ട മഖാന ഒരു പ്രത്യേകതരം താമര വിത്താണ്. ഇത് പ്രധാനമായും ഇന്ത്യ., ചെൈന, നേപ്പാൾ, ബംഗ്ലാദേശ്, ജപ്പാൻ, റഷ്യ, കൊറിയ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇന്ത്യയിലാകട്ടെ ബീഹാർ, അസം, മണിപ്പൂർ, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ കൃഷിയുള്ളത്. ഇതിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നത് ബീഹാറിലാണ്.
ബീഹാറില്‍ 15000 ഹെക്ടറിലാണ് മഖാന കൃഷി ചെയ്യുന്നത്. ഏകദേശം 10000 ടണ്ണോളം മഖാനയാണ് ബീഹാര്‍ ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് ആകെ ഉത്‌പാദിപ്പിക്കപ്പെടുന്ന മഖാനയുടെ 90 ശതമാനവും ബീഹാറില്‍ നിന്നാണ്. മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള ഏകദേശം 5 ലക്ഷം കുടുംബങ്ങള്‍ ഇതിന്റെ കൃഷി, വിളവെടുപ്പ്, സംസ്‌കരണം എന്നിവയില്‍ നേരിട്ട് പങ്കാളികളാകുന്നുണ്ട്.. ഇവരുടെ പ്രധാന ഉപജീവന മാർഗമാണ് മഖാന കൃഷി.
കിലോയ്ക്ക് 8000 രൂപ വരെ
10 വര്‍ഷം മുന്‍പ് കിലോയ്‌ക്ക് വെറും 1000 രൂപയായിരുന്നു മഖാന വിത്തിന്റെ വില. പക്ഷെ കൊവിഡ് വരികയും ഫിറ്റ്നസ് ബോധം ഉയരുകയും മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ബോധവല്‍ക്കരണം അധികമാവുകയും ചെയ്തതോടെ സമ്പന്നരുടെ പട്ടികയിലെ പ്രധാന ഇനമായി മഖാന വിത്ത് മാറി. അതോടെ അന്താരാഷ്‌ട്ര വിപണിയില്‍ വില കിലോയ്‌ക്ക് എണ്ണായിരം രൂപ വരെ ഉയര്‍ന്നു.
വടക്കന്‍ ബീഹാറിലെ മിഥില പ്രദേശത്താണ് മഖാന വളരുന്നത്. മിഥില പ്രദേശത്തെ എട്ട് മുതല്‍ 10 ജില്ലകളില്‍ വരെ മഖാന കൃഷി ചെയ്യുന്നു. വംഗ, മധുബനി, സഹര്‍സ, മധേപുര, സുപൗള്‍, പൂര്‍ണ്ണിയ, കതിഹാര്‍, കിഷന്‍ ഗഞ്ച്, അരാന എന്നീ ജില്ലകളിലാണ് മഖാന കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും വള്ളക്കാരുമാണ് ഇതിന്റെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മധുബനിയില്‍ നിന്നുള്ള മിഥില മഖാന എന്ന പ്രത്യേക ഇനം വിത്തിന് ജിഐ ടാഗും ലഭിച്ചിട്ടുണ്ട്..
ഈ നാണ്യവിള ബീഹാറില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും കയറ്റുമതി ചെയ്യുന്നു
മഖാന വിത്തിന്റെ ഗുണങ്ങൾ
ചെറുതും വൃത്താകൃതിയിലുള്ളതുമായ കറുപ്പ് മുതല്‍ തവിട്ട് നിറത്തിലുള്ള പുറം പാളിയുള്ള മഖാന വിത്തുകള്‍ ചെടിയുടെ ഭക്ഷ്യയോഗ്യമായ ഭാഗമാണ്,. മഖാന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ വളരെ നല്ല ഉറവിടവുമാണ്. വെള്ളത്തില്‍ വളരുന്ന താമരയില്‍ നിന്നും എടുക്കുന്നതാണെങ്കിലും ഡ്രൈ ഫ്രൂട്ടായാണ് ഇതില്‍ നിന്നെടുക്കുന്ന മഖാന വിത്ത് അറിയപ്പെടുന്നത്. തടികുറയ്‌ക്കാനും ഫിറ്റാകാനും ആഹാരനിയന്ത്രണം പാലിക്കുന്നവരുടെ പട്ടികയിലെ പ്രധാന ഇനമായി സ്ഥാനം പിടിച്ചതോടെ മഖാന വിത്ത് ഇന്ന് വിഐപി ആഹാരമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും. കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. മുട്ടയിലും മത്സ്യത്തിലും കാണപ്പെടുന്ന പ്രോട്ടീന്റെ അതേ ഗുണമാണ് മഖാനയിലെ പ്രോട്ടീനും ഉള്ളത്.
മഖാന വിത്തെടുക്കുന്നത്
വെള്ളത്തില്‍ വളരുന്ന ഒരു തരം ലിലി അഥവാ താമരയില്‍ പിങ്ക് നിറത്തിലുള്ള പൂവുകള്‍ ഉണ്ടാകും. ഈ പൂവുകള്‍ കൊഴിയുന്നതോടെ ഇതില്‍ പഴം കാണാനാവും. ഈ പഴത്തിനുള്ളിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഈ പഴങ്ങള്‍ വെള്ളത്തില്‍ വീഴുന്നതോടെ ഇതിലെ വിത്തുകള്‍ കുളത്തിന് അടിയില്‍ അടിഞ്ഞുകൂടും. അത്ര ആഴത്തിലുള്ള കുളങ്ങളിലല്ല മഖാന വളര്‍ത്തുക. വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് കൈകൊണ്ട് അടിത്തട്ടില്‍ നിന്നും ഈ വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |