തിരുവനന്തപുരം: യു.ജി.സി കരടു നയത്തിനെതിരെ ഇന്ന് സർക്കാർ നടത്തുന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലർ ഗവർണർ ഇടപെട്ടതോടെ സർക്കാർ തിരുത്തി.
പിൻവലിക്കാനാണ് ഇന്നലെ രാവിലെ ഗവർണർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്. നയത്തിന് എതിരെയുള്ളതായിട്ടും
പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി ലീവും ഹാജരും നൽകണമെന്നും ചെലവ് സ്ഥാപനങ്ങൾ വഹിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. ഇതാണ് ഗവർണറുടെ അനിഷ്ടത്തിന് ഇടയാക്കിയത്.അന്യ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം എത്തുന്ന കൺവെൻഷൻ ഇന്ന് നിയമസഭാ ഹാളിലാണ് നടക്കുന്നത്.
ഗവർണറുടെ അഭിപ്രായത്തോട് യോജിച്ച മുഖ്യമന്ത്രി, സർക്കുലർ പിൻവലിക്കാമെന്ന് അറിയിച്ചു. പിന്നാലെ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഗവർണറെ ഫോണിൽ വിളിച്ച് സർക്കുലർ പിൻവലിക്കുമെന്ന് അറിയിച്ചു. എന്നാൽ രാത്രി വൈകി സർക്കുലർ തിരുത്തി പുതിയത് ഇറക്കുകയായിരുന്നു. സർക്കുലറിലെ വിഷയമെന്ന ഭാഗത്ത് തിരുത്തൽ വരുത്തി.
യു.ജി.സി കരടു നയത്തോട് വിയോജിക്കുന്ന വൈസ്ചാൻസലർമാർ മാത്രം കൺവെൻഷനിൽ പങ്കെടുത്താൽ മതിയെന്ന് ഗവർണർ അനൗദ്യോഗികമായി നിർദേശം നൽകുകയും ചെയ്തു. നേരത്തേ വി.സിമാർ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്ന് ഗവർണർ അറിയിച്ചിരുന്നതാണ്. എന്നാൽ, യു.ജി.സി നിർദ്ദേശിച്ച പ്രകാരം കരടു നയത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കാനുള്ള ചർച്ചയെന്നാണ് സർക്കാർ വാദം.
എതിരെ ഒഴിവാക്കി
യു.ജി.സി റഗുലേഷന്റെ കരടിനെതിരെ സംഘടിപ്പിക്കുന്ന ദേശീയ ഉന്നത വിദ്യഭ്യാസ കൺവെൻഷൻ' എന്നായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. പുതിയതിൽ യു.ജി.സി റഗുലേഷൻ - ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ സംബന്ധിച്ച് എന്നാക്കി.
സർവകലാശാലകളും സ്ഥാപനങ്ങളും പങ്കെടുപ്പിക്കേണ്ടവരുടെ ക്വാട്ടയും സർക്കുലറിലുണ്ടായിരുന്നു.അത് ഒഴിവാക്കി.എന്നാൽ, ഡ്യൂട്ടി ലീവും ഹാജരും നൽകണമെന്നും ചെലവ് സ്ഥാപനങ്ങൾ വഹിക്കണമെന്നും പുതിയ സർക്കുലറിലും നിർദേശിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി സർട്ടിഫിക്കറ്റും നൽകും.
400 പ്രതിനിധികളെ കേരള സർവകലാശാലയിൽ നിന്നു പങ്കെടുപ്പിക്കണമെന്നും ഇവർക്ക് ചെലവും ലീവുമടക്കം അനുവദിക്കണമെന്നുമുള്ള സർക്കുലറിനെതിരെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലാണ് ഗവർണർക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |