ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭയിൽ പ്രതിഷേധം. വിഷയം ഉന്നയിച്ച കൊടിക്കുന്നിൽ സുരേഷ് എംപി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ക്രൂരമായ ആക്രമണമാണിതെന്ന് പറഞ്ഞു. വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു. തീവ്ര ഹിന്ദുത്വവാദികളാണ് ആക്രമിച്ചത്. നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കുന്ന സംഘപരിവാറിന്റെ ഇരട്ടത്താപ്പ് ഒരിക്കൽകൂടി വ്യക്തമായെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ നിറുത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ജനം തിരിച്ചറിയണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടി അംഗീകരിക്കില്ലെന്നും സിപിഎം എം.പിമാരായ ജോൺ ബ്രിട്ടാസും വി. ശിവദാസനും പ്രതികരിച്ചു. നേരത്തെ സംഭവത്തിൽ കടുത്ത ആശങ്കയറിയിച്ച സി.ബി.സി.ഐ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘത്തെ മർദ്ദിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും മർദ്ദനമേറ്റ വൈദികൻ ഫാ. ഡേവിസ് ജോർജ് പ്രതികരിച്ചിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്ന് വിവിധ പള്ളികളിലേക്ക് ബസിൽ പോവുകയായിരുന്ന ക്രൈസ്തവ വിശ്വാസി സംഘത്തെ വി.എച്ച്.പി പ്രവർത്തകർ തടഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവരെ സഹായിക്കുന്നതിനായി സ്റ്റേഷനിലെത്തിയതാണ് മലയാളി വൈദികരായ ഫാ. ഡേവിസ് ജോർജും ഫാ. ജോർജും.
അപലപിച്ച്
മുഖ്യമന്ത്രി
ജബൽപൂർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം ഹീന പ്രവൃത്തിയാണിത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് മനസിലാക്കണം. സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതും അശാന്തി വളർത്തുന്നതുമായ നടപടികളിൽ നിന്ന് അവർ പിന്തിരിയുകയും വേണം.മണിപ്പൂരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദത്തപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. അതാകട്ടെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമിക്കപ്പെട്ട മലയാളി വൈദികരോട് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കുന്നു.
ന്യൂഡൽഹി : മലയാളി വൈദികരായ ഫാ.ഡേവിസ്, ഫാ ജോർജ് എന്നിവർക്ക് നേരെ മദ്ധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ആക്രമണത്തിൽ യു.ഡി.എഫ് എം.പിമാർ ലോക്‌സഭയിൽ പ്രതിഷേധിച്ചു. വി.എച്ച്.പി, ബജ്‌റംഗ്‌ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |