വിജു കൃഷ്ണൻ പി.ബിയിൽ
ടി.പി.രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ
കെ.എസ്.സലീഖ കേന്ദ്ര കമ്മിറ്റിയിൽ
ബ്രിട്ടാസ് സ്ഥിരം ക്ഷണിതാവ്
കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരം
മധുര: സി.പി.എമ്മിലെ തലമുറ മാറ്റത്തിന് വേദിയായ 24-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം.എ.ബേബിയെ തിരഞ്ഞെടുത്തു.
പ്രകാശ് കാരാട്ട് അടക്കം ആറുപേർ പി.ബിയിൽ നിന്നൊഴിഞ്ഞു.പ്രായപരിധിയിൽ ഇളവുനൽകി പിണറായി വിജയനെ നിലനിറുത്തി. പകരം വന്നവരിൽ മലയാളിയായ വിജു കൃഷ്ണനും (ഡൽഹി) ഉൾപ്പെടുന്നു.കർഷക സംഘം നേതാവാണ്.
വോട്ടെടുപ്പില്ലാതെയായിരുന്നു ബേബിയുടെ തിരഞ്ഞെടുപ്പ്.
ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ജനറൽ സെക്രട്ടറിയാണ് 71 കാരനായ ബേബി. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മലയാളിയാണെങ്കിലും പ്രവർത്തന ഘടകം ഡൽഹിയായിരുന്നു.ഏപ്രിൽ അഞ്ചിനായിരുന്നു ബേബിയുടെ പിറന്നാൾ.ആ അർത്ഥത്തിൽ പിറന്നാൾ സമ്മാനമാണ്.
അതേസമയം, മഹാരാഷ്ട്ര, യു.പി ഘടകങ്ങൾ പാർട്ടി ഔദ്യോഗിക പാനലിനോട് വിയോജിച്ചതിനാൽ കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നു. യു.പി.ഘടകം പിന്മാറിയെങ്കിലും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി.എൽ കരാഡ് മത്സരിച്ചു. മൊത്തം 729 പ്രതിനിധികളിൽ 31 വോട്ടുകൾ മാത്രം നേടിയ കരാഡിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. 84 അംഗ കേന്ദ്ര കമ്മിറ്റിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയെയും സമ്മേളനം തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, മുൻ എം.എൽ.എ കെ.എസ്.സലീഖ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റെന്ന നിലയിൽ കേന്ദ്ര കമ്മിറ്റി അംഗമായി പി.കെ ശ്രീമതി തുടരും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജോൺബ്രിട്ടാസ് എം.പിയെ സ്ഥിരം ക്ഷണിതാവാക്കി.എം.വിജയകുമാർ ദേശീയ കൺട്രോൾ കമ്മിഷൻ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
പാനലിൽ വിയോജിപ്പ്,
ഒടുവിൽ ഒരേസ്വരം
ശനിയാഴ്ച രാത്രി ചേർന്ന പി.ബിയോഗം രണ്ടു മണിക്കൂറോളം ചർച്ചചെയ്താണ് പുതിയ കമ്മിറ്റികളുടെ പാനലിന് അന്തിമരൂപം നൽകിയത്. പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം.എ. ബേബിയുടെ പേർ നിർദ്ദേശിച്ചത്. ബംഗാളിൽ നിന്നുള്ള സൂര്യകാന്ത് മിശ്ര, നീലോൽപ്പൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്രഡോം, മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ് ളെ എന്നിവരാണ് പാനൽ ചർച്ചയിൽ വിയോജിച്ചത്. അശോക് ധാവ് ളെ മുഹമ്മദ് സലീമിന്റെ പേർ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്മാറിയതോടെ വിയോജിപ്പ് അവസാനിച്ചു.പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള ഘടകത്തിന്റെ പിന്തുണ ലഭിച്ചത് ബേബിക്ക് ശക്തിയായി.
ഇന്നലെ രാവിലെ പി.ബി വീണ്ടും ചേർന്ന് അവസാന ചർച്ചയും നടത്തിയശേഷം നിലവിലെ കേന്ദ്ര കമ്മിറ്റി മുമ്പാകെ പാനൽ അവതരിപ്പിക്കുകയായിരുന്നു. പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയാണ് ബേബിയുടെ പേരിന് ഏകകണ്ഠേന അംഗീകാരം നൽകിയത്.തുടർന്ന് പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിച്ച് പാസ്സാക്കുകയായിരുന്നു. കരാഡ് മത്സരിച്ചതിനാൽ കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നതോടെ നടപടികൾ അവസാനിക്കാൻ വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |