
കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാറോടിച്ചിരുന്ന ഡ്രൈവർ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവിനെ (24) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഞ്ചിന് രാത്രി എട്ടോടെയാണ് സംഭവം. മനു ഓടിച്ചുവന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രണ്ട് പേരെയും പുതിയാപ്പ സ്വദേശിയായ പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ പ്രതി തനിക്ക് അപകടം പറ്റിയ വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ യാതൊരു പ്രകോപനവുമില്ലാതെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച പ്രണവിനെ കാഷ്വലിറ്റിക്കു മുൻവശത്തു വച്ച് നെഞ്ചത്ത് ചവിട്ടുകയും, ചാവി ഉപയോഗിച്ച് വലതു നെറ്റിയിൽ കുത്തുകയും മറ്റും ചെയ്തു. നെറ്റിയിൽ നിന്നും രക്തം വാർന്ന പ്രണവിന് ബോധം നഷ്ടപ്പെട്ടതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു.
പൊലീസ് അപകടസ്ഥലത്തെത്തി കാർ പരിശോധിച്ചപ്പോഴാണ് കാറിൽ സൂക്ഷിച്ച ബാഗിനുള്ളിലെ പേഴ്സിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും, മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. അപകടത്തിൽപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്ന് പൊലീസ് എം.ഡി.എം.എ കണ്ടെടുത്തെന്ന് മനസിലാക്കിയ മനു ആശുപത്രിയിൽ നിന്ന് മുങ്ങി. തുടർന്ന് എലത്തൂർ ജട്ടി റോഡിൽ വെച്ച് വെള്ളയിൽ ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എസ്.ഐ മിഥുൻ, എ.എസ്.ഐ നിഷാദ്, സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രണവിനെ അക്രമിച്ച പ്രതികളെ തിരയുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |