ന്യൂഡൽഹി: സെബി മേധാവി മാധബി ബുച്ചിന് അദാനിയുടെ വിവാദ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളിൽ സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. ഇന്നലെ ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും യോഗത്തിലാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗക്കാർക്കിടയിൽ ക്രീമി ലെയർ രൂപീകരിക്കുന്നതിനെ ശക്തമായി എതിർക്കാനും തീരുമാനിച്ചു. 22 ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ഇ.ഡി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തിയാണ് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ പ്രതിഷേധം. ഹിൻഡർബർഗ് സെബിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെന്നും ജെ.പി.സി അന്വേഷണം അനിവാര്യമാണെന്നും യോഗ തീരുമാനങ്ങൾ അറിയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയ്റാം രമേശും അറിയിച്ചു.
കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പാർട്ടി ആവർത്തിച്ചു. സെൻസസ് കേന്ദ്ര സർക്കാരിന് മാത്രമേ നടത്താനാകൂ എന്നും സംസ്ഥാന സർക്കാരുകൾക്ക് സർവേ നടത്താമെന്നും ജയ്‌റാം രമേശ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം, പ്രത്യേകിച്ച് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതിയുടെ വ്യവസ്ഥകൾ സംബന്ധിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് ഊന്നൽ നൽകാനും തീരുമാനിച്ചു.
സംവരണാനുകൂല്യങ്ങളിൽ നിന്ന് പട്ടികജാതി/പട്ടികവർഗക്കാർക്കിടയിലെ ക്രീമി ലെയറിനെ ഒഴിവാക്കുന്നതിന് കോൺഗ്രസ് എതിരാണെന്ന് ജയ്‌റാം രമേഷ് വ്യക്തമാക്കി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ ഉപവിഭാഗീകരണ വിഷയത്തിൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന ഘടകങ്ങളുമായി ചർച്ച ചെയ്‌ത് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
സെബി അന്വേഷണം
ഉടൻ തീർക്കാൻ ഹർജി
പുതിയ ഹിൻഡൻബർഗ് റിപ്പോർട്ട് സംശയം സൃഷ്ടിച്ചെന്ന്
അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്ന 2023 ജനുവരിയിലെഹിൻഡൻബർഗ് റിപ്പോർട്ടിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി.
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനുമെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. അന്വേഷണപുരോഗതി തേടി താൻ സമർപ്പിച്ച അപേക്ഷ ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചതും ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ജനുവരി മൂന്നിന് സുപ്രീംകോടതി സെബിക്ക് നിർദ്ദേശം നൽകിയിരുന്നു.
സെബി മേധാവിക്കും ഭർത്താവിനും അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശത്തെ നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന പുതിയ റിപ്പോർട്ട് സംശയം സൃഷ്ടിക്കുന്നതിനാൽ സെബി അന്വേഷണം പൂർത്തിയാക്കി കണ്ടെത്തലുകൾ പുറത്തുവിടണം.
ഓഹരി തിരിമറിക്കും രഹസ്യനിക്ഷേപത്തിനും മൗറീഷ്യസിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള ഷെൽ സ്ഥാപനങ്ങളെ അദാനി ഗ്രൂപ്പ് ഉപയോഗിച്ചെന്നും മുൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |