ന്യൂഡൽഹി: സീലംപൂരിൽ പതിനേഴുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവിന്റെ ഭാര്യയുടെ സഹായി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിം ബാബയുടെ ഭാര്യ സോയയുടെ സഹായിയും ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് കുനൽ സിംഗ് കൊല്ലപ്പെട്ടത്. രോഗിയായ പിതാവിന് ചായ തയ്യാറാക്കാൻ പാൽ വാങ്ങാൻ കടയിലേക്ക് പോകുന്നതിനിടയിലായിരുന്നു ഗുണ്ടകൾ കുട്ടിയെ ആക്രമിച്ചത്.
കുട്ടിയെ അടുത്തുളള ജെപിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കൊലപാതക വിവരം വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് നൂറുകണക്കിനാളുകളാണ് പ്രതിഷേധിച്ചത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുളളവരെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യത്തോടെ ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. കൊലപാതകം നടക്കുമ്പോൾ സിക്ര പരിസരത്തുണ്ടായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ബന്ധുക്കളായ സഹിൽ ഖാൻ, റിഹാൻ മിസ്ര എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ മറ്റൊരു വ്യക്തിയെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സോഷ്യൽ മീഡിയയിൽ തോക്കുപയോഗിച്ച് വീഡിയോ ചെയ്തതിന് സിക്രയെ ഇതിനു മുൻപും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ യുവതി ആൺകുട്ടിയുടെ വീടിനടുത്തായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ആൺകുട്ടിയുടെ മരണത്തിന് പിന്നിലുളളവരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ് കമ്മീഷണർ പുഷ്‌പേന്ദ്ര കുമാർ പറഞ്ഞു.
ലഹരിമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് സിക്ര, സോയയെ പലപ്പോഴായി സഹായിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സോയ അറസ്റ്റിലാകുന്നതിന് മുൻപ് വരെ സിക്ര അവരോടൊപ്പമായിരുന്നു താമസം. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന പ്രാഥമിക വിവരം ഇങ്ങനെ,കുറച്ച് നാൾ മുൻപ് കുനലിന്റെ ബന്ധുക്കൾ സിക്രയുടെ സഹോദരനെ മർദ്ദിച്ചിരുന്നു. ഇതിൽ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മകന് നീതി ലഭിക്കണമെന്നും ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നും കുനലിന്റെ പിതാവ് രാജ്ദീപ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ 15,000 ഫോളോവേഴ്സുളള താരമാണ് സിക്ര.ഇവരുടെ ഗുണ്ടാ സംഘത്തിൽ 12 യുവാക്കൾ ഉളളതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |